പി ജയരാജന് ചരിത്രമെഴുതാൻ എന്ത് യോഗ്യത..പുസ്തകം കത്തിച്ച് പ്രതിഷേധിച്ച് പിഡിപി…

പി. ജയരാജന്റെ ‘കേരള മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം കത്തിച്ച് പി.ഡി.പി. പ്രവർത്തകരുടെ പ്രതിഷേധം. പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിക്കെതിരെയുള്ള പരാമര്‍ങ്ങളിലാണ് പ്രതിഷേധം. പുസ്തക പ്രകാശന ചടങ്ങ് നടക്കുന്നതിനിടെ വേദിക്ക് പുറത്താണ് പിഡിപി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. മുഖ്യമന്ത്രി മടങ്ങിയതിന് പിന്നാലെയായിരുന്നു പുസ്തകം കത്തിച്ചത്.

മഅ്ദനിക്കെതിരായ തീവ്രവാദ ആരോപണത്തില്‍ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുന്നുവെന്ന് പിഡിപി ജനറല്‍ സെക്രട്ടറി വി എം അലിയാര്‍ പ്രതികരിച്ചു. മഅ്ദനിക്ക് പി ജയരാജന്റെ നല്ല സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും മഅ്ദനി മുസ്‌ലിം യുവാക്കളെ തീവ്രവാദത്തിലേക്ക് നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.31 വര്‍ഷത്തിനിടെ ഇടതുപക്ഷത്തോടൊപ്പമാണ് കൂടുതല്‍ കാലവും പിഡിപി നിലനിന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇഎംഎസ് മഅ്ദനിയെ ഗാന്ധിജിയോടാണ് ഉപമിച്ചത്. പി ജയരാജന് ചരിത്രമെഴുതാന്‍ എന്ത് യോഗ്യതയുണ്ട്. പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

ബാബറി മസ്ജിദിന്റെ തകർച്ചയ്ക്കുശേഷം മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ തീവ്രവാദ ചിന്ത വളർത്തുന്നതിൽ അബ്ദുൾനാസർ മഅദനി പ്രധാന പങ്കുവഹിച്ചെന്ന് ജയരാജൻ പുസ്തകത്തിൽ പറഞ്ഞിരുന്നു. മഅദനി രൂപവത്കരിച്ച ഐ.എസ്.എസിന്റെ നേതൃത്വത്തിൽ യുവാക്കൾക്ക് ആയുധപരിശീലനം നൽകി. പൂന്തുറ കലാപത്തിൽ ഐ.എസ്.എസിനും ആർ.എസ്.എസിനും പങ്കുണ്ട്.മഅദനിയുടെ കേരളപര്യടനത്തിലൂടെ ഒട്ടേറെ യുവാക്കൾ തീവ്രാദത്തിലേക്ക് ആകർഷിക്കപ്പെട്ടു എന്നും പുസ്തകത്തിൽ ജയരാജൻ വിശദീകരിക്കുന്നുണ്ട്.

Related Articles

Back to top button