എന്‍എസ്എസിന് രാഷ്ട്രീയം ഇല്ല…ജി സുകുമാരന്‍ നായര്‍..

തിരുവനന്തപുരം: എന്‍എസ്എസിന് രാഷ്ട്രീയമില്ലെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഉപതിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് സര്‍ക്കുലര്‍ ഇറക്കില്ല. സമദൂര നിലപാട് തന്നെയാണ് എടുത്തിട്ടുള്ളതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

‘സമദൂരം എന്ന നിലപാടില്‍ തന്നെയാണ്. സമുദായിക സംഘടന രാഷ്ട്രീയനിലപാട് എടുക്കേണ്ട എന്നാണ് തീരുമാനം. എന്‍എസ്എസിന് രാഷ്ട്രീയം ഇല്ല. മുന്‍പ് ശരി ദൂരം എന്ന നിലപാട് എടുത്തിരുന്നു. സമുദായം അങ്ങനെയുള്ള നിലപാട് സ്വീകരിക്കാന്‍ പാടുള്ളതല്ല എന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു’, ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍ എല്ലാവരും വന്നുകണ്ടിരുന്നു. എല്ലാ രാഷ്ട്രീയത്തില്‍പെട്ടയാളുകളും എന്‍എസ്എസില്‍ ഉണ്ട്. അവരുടെ രാഷ്ട്രീയത്തില്‍ സംഘടന ഇടപെടാറില്ലെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

ഉപതിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആകുമോ എന്ന ചോദ്യത്തോട്, വിലയിരുത്തക്ക സര്‍ക്കാരുകള്‍ കേന്ദ്രത്തിലോ കേരളത്തിലോ ഇല്ലെന്നായിരുന്നു പ്രതികരണം. ഒരു പാര്‍ട്ടിയുടെയും ആഭ്യന്തര കാര്യങ്ങളില്‍ തങ്ങള്‍ ഇടപെടില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

Related Articles

Back to top button