ഒറ്റ രാത്രികൊണ്ട് കിസ്ബു പ്രശസ്തയായി
കൊച്ചി: ഇപ്പോൾ സോഷ്യൽ മീഡിയയിലെ പുതിയ താരമാണ് ബലൂൺ വിൽപനക്കാരി കിസ്ബു. ഫോട്ടോ ഷൂട്ടിന് മോഡലായി ഒറ്റരാത്രി കൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുകയാണ് രാജസ്ഥാനി പെൺകുട്ടിയായ കിസ്ബു. കേരളത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽ ബലൂൺ വിൽക്കുന്ന കിസ്ബു ഒരു ഫോട്ടോഗ്രാഫറുടെ ഫോട്ടോ ഷൂട്ടിന് മോഡലായതോടെയാണ് താരമായി മാറിയത്.ജനുവരി 17നാണ് കിസ്ബുവിന്റെ ജീവിതം തന്നെ മാറ്റിമറിച്ച സംഭവം നടന്നത്. അർജുൻ കൃഷ്ണൻ എന്ന ഫോട്ടോഗ്രാഫറാണ് കിസ്ബുവിനെ താരമാക്കിയത്. അണ്ടലൂർ കാവ് ഉത്സവത്തിനിടെയാണ് അർജുൻ കിസ്ബുവിനെ കണ്ടത്. തുടർന്ന് കിസ്ബുവിന്റെ ഫോട്ടോ എടുത്തു. ഇതോടെ കിസ്ബുവിന്റെ ഒരു മേക് ഓവർ ഫോട്ടോ ഷൂട്ട് എടുത്താലോ എന്ന് ചിന്തിക്കുകയായിരുന്നു. കിസ്ബുവിന്റെ കുടുംബവുമായി ബന്ധപ്പെട്ടപ്പോൾ അവർക്കും സമ്മതം. മേകപ്പ് ആർട്ടിസ്റ്റായ രമ്യ പ്രജുലാണ് കിസ്ബുവിന്റെ മേക്ക് ഓവർ നടത്തിയത്. തുടർന്ന് അർജുൻ പകർത്തിയ ചിത്രങ്ങളാണ് വൈറലായത്. ഫോട്ടോ ഷൂട്ടിന് ലഭിച്ച പ്രതികരണത്തിൽ സന്തോഷമാണെന്നും മറ്റൊരാളുടെ ജീവിതത്തിൽ ഒരു മാറ്റം വരുത്താൻ കഴിഞ്ഞതിൽ വളരെ സന്തോഷവാനാണെന്നും അർജുൻ പറഞ്ഞു.