ഇസ്രായേൽ – ഗാസ “യുദ്ധം നാളെ അവസാനിച്ചേക്കാം”.. യഹ്യ സിൻവാർ കൊലപ്പെട്ട ശേഷം നെതന്യാഹുവിൻ്റെ സന്ദേശം…
ഹമാസ് തലവൻ യഹ്യ സിൻവാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് മണിക്കൂറുകൾക്ക് പിന്നാലെ ഗാസയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് ആയുധം ഉപേക്ഷിച്ച് മടങ്ങാൻ സമ്മതിച്ചാൽ യുദ്ധം ഉടൻ അവസാനിക്കുമെന്ന് നെതന്യാഹു പറഞ്ഞു. എക്സിൽ പങ്കിട്ട വീഡിയോയിലൂടെയായിരുന്നു നെതന്യാഹുവിൻറെ പ്രതികരണം.
“യഹ്യ സിൻവാർ മരിച്ചു. ഇസ്രായേൽ പ്രതിരോധ സേനയിലെ ധീരരായ സൈനികരാൽ റാഫയിൽ വെച്ച് അദ്ദേഹം കൊല്ലപ്പെട്ടു. ഗാസയിലെ യുദ്ധത്തിൻ്റെ അവസാനമല്ല ഇത്, അവസാനത്തിൻ്റെ തുടക്കമാണ്. ഗാസയിലെ ജനങ്ങളേ, എനിക്ക് ഒരു സന്ദേശമുണ്ട്, ഈ യുദ്ധം നാളെ അവസാനിച്ചേക്കാം. ഹമാസ് ആയുധം താഴെ വെച്ച് നമ്മുടെ ബന്ദികളെ തിരിച്ചയച്ചാൽ ഈ യുദ്ധം നാളെ അവസാനിക്കും”, നെതന്യാഹു പറഞ്ഞു.
ഹമാസിന്റെ ഏറ്റവും കരുത്തനും കാർക്കശ്യക്കാരനുമായ നേതാവായിരുന്നു സിൻവാർ.കഴിഞ്ഞവർഷം ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടത്തിയ തൂഫാനുൽ അഖ്സ ഓപറേഷന്റെ സൂത്രധാരനെന്ന് ഇസ്രായേൽ ആരോപിക്കുന്ന നേതാവാണ് സിൻവാർ. ഇസ്മാഈൽ ഹനിയ്യ തെഹ്റാനിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം ഹമാസ് മേധാവിയായി ചുമതലയേറ്റത്.യഹ്യയുടെ മരണം വലിയ നേട്ടമെന്നായിരുന്നു ഇസ്രയേൽ വിദേശകാര്യമന്ത്രി കാറ്റ്സ് പറഞ്ഞത്.