‘ആരെയും കുത്തിനോവിക്കാനറിയാത്ത പാവത്താനായിരുന്നു’.. നവീൻ ബാബുവിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് ദിവ്യ എസ് അയ്യർ….
അന്തരിച്ച കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന് ആദരാഞ്ജലിയര്‍പ്പിച്ച് ദിവ്യ എസ് അയ്യര്‍. നവീന് ആദരഞ്ജലി അര്‍പ്പിക്കുന്നതിനിടെ ദിവ്യ വിങ്ങിപ്പൊട്ടി. വിതുമ്പിക്കരഞ്ഞുകൊണ്ടാണ് മുന്‍ കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ ഉള്‍പ്പെടെയുള്ളവര്‍ അന്തിമോപചാരമര്‍പ്പിച്ചത്. ആരോടും മുഖം കറുപ്പിക്കാത്ത പാവമായിരുന്നു നവീന്‍, കൈക്കൂലി വാങ്ങുമെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും സര്‍ക്കാരിന്റെ ഭാഗമായതുകൊണ്ട് കൂടുതല്‍ പറയാനില്ലെന്നും ദിവ്യ എസ്. അയ്യര്‍ പറഞ്ഞു.
നവീന്‍ മരിച്ചു എന്നത് വിശ്വസിക്കാനാകുന്നില്ല. തങ്ങള്‍ക്കൊപ്പം നിര്‍ലോഭം പ്രവര്‍ത്തിച്ചിരുന്ന ആളായിരുന്നു നവീന്‍. ജോലി കാര്യത്തില്‍ വളരെയധികം ആത്മാര്‍ത്ഥതയുണ്ടായിരുന്നു. ഒരു പാവത്താനായിരുന്നു. ഒരു മനുഷ്യനെപ്പോലും കുത്തിനോവിപ്പിക്കാത്ത, ആരോടും മുഖം കറുപ്പിക്കാത്ത ഒരു നവീനെയാണ് കണ്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ മരണം വളരെ ദൗര്‍ഭാഗ്യകരമായിപ്പോയെന്നും ദിവ്യ പറഞ്ഞു.എഡിഎം ആയി പ്രമോഷന്‍ കിട്ടിയ സമയത്ത് തന്നെ കാണാന്‍ അദ്ദേഹം ചേംബറില്‍ വന്നിരുന്നു. അന്ന് ഭയങ്കര സന്തോഷത്തിലായിരുന്നു. മാഡത്തിന്റെ കൂടെ ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് പറഞ്ഞിരുന്നു. അന്നാണ് നവീനെ താന്‍ അവസാനമായി കാണുന്നതെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.