യന്ത്രത്തിൽ കുടുങ്ങി കപ്പൽ ജീവനക്കാരന്റെ കൈവിരലറ്റു…
കോവളം :കപ്പലിലെ ജോലിക്കിടെ യന്ത്രത്തിൽ കുടുങ്ങി ചീഫ് എൻജിനീയറുടെ കൈവിരലിന്‍റെ അഗ്രം മുറിഞ്ഞു. സിങ്കപ്പൂരിൽനിന്ന് ഖത്തറിലെ റാസ് ലഫാനിലേക്ക് പോകുകയായിരുന്ന എൽ.എൻ.ജി. യു.എം.എം. ഗുവായ് ലിന എന്ന എണ്ണക്കപ്പലിലെ മഹാബീർ സിങ്ങി(56)നാണ് ഇടതുകൈയിലെ നടുവിരലിൽ അപകടം പറ്റിയത്. അപകടമറിഞ്ഞ് വിഴിഞ്ഞത്തെ കേരള മാരിടൈം ബോർഡ് അധികൃതർ കപ്പലിൽനിന്ന് മഹാബീർ സിങ്ങിനെ ആശുപത്രിയിലെത്തിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് വയർലെസ് വഴി അടിയന്തര വൈദ്യസഹായം ആവശ്യപ്പെട്ടത്. കപ്പലിനുസമീപം എത്തിയ മാരിടൈം ബോർഡ് അധികൃതർ ജീവനക്കാരനെ ടഗ്ഗിലേക്കു മാറ്റി. രാത്രിയോടെ വിഴിഞ്ഞത്തെ സീ വേർഡ് വാർഫിലെത്തിച്ചു. ആംബുലൻസ് എത്തിച്ച് ജീവനക്കാരനെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. രാത്രി ശക്തമായ കടലേറ്റത്തിനിടയിലായിരുന്നു രക്ഷാപ്രവർത്തനം.