വിശാൽ വധക്കേസ് : മൃതദേഹത്തിൽ കണ്ടെത്തിയ മുറിവ്…. കണ്ടെത്തിയ കത്തി ഉപയോഗിച്ച് ഉണ്ടായത്…..
മാവേലിക്കര- എ.ബി.വി.പി നേതാവ് വിശാലിൻ്റെ കൊലപാതകക്കേസിൽ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ സാക്ഷി വിസ്താരം പൂർത്തിയായി. സംഭവകാലത്ത് കോട്ടയം മെഡിക്കൽ കൊളേജിലെ പൊലിസ് സർജനായിരുന്ന ഡോ.വി.രാജീവിൻ്റെ സാക്ഷി വിസ്താരമാണ് മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി പി.പി.പൂജ മുമ്പാകെ പൂർത്തിയായത്.
പോസ്റ്റ്മോർട്ടം പരിശോധന വേളയിൽ വിശാലിൻ്റെ മൃതദേഹത്തിൽ കണ്ടെത്തിയ മുറിവ്, കേസിലെ മൂന്നാം പ്രതി ഷെഫീക്കിൻ്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ കത്തി ഉപയോഗിച്ച് ഉണ്ടായതാകാൻ സാധ്യത ഉണ്ടെന്ന് കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.പ്രതാപ് ജി.പടിക്കലിൻ്റെ ചോദ്യത്തിന് മറുപടിയായി പൊലിസ് സർജൻ കോടതിയെ അറിയിച്ചു.
2012 ജൂലൈ 16ന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിന് മുൻവശം നവാഗതരെ സ്വാഗതം ചെയ്യുന്നതിനിടെയാണ് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ വിശാൽ ഉൾപ്പെടെയുള്ള എ.ബി.വി.പി പ്രവർത്തകരെ ആക്രമിച്ചത്. സoഭവത്തിൽ ഗുരുതരമായ പരിക്കേറ്റ വിശാൽ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. വിശാലിനോടൊപ്പം കുത്തേറ്റ വിഷ്ണു പ്രസാദ്, ശ്രീജിത്ത് എന്നിവർ ദീർഘനാളത്തെ ചികിത്സക്കു ശേഷമാണ് സാധാരണ നിലയിലേക്ക് എത്തിയത്.
കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.പ്രതാപ്.ജി പടിക്കൽ, അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.