ഹരിയാന തോൽവി അംഗീകരിക്കില്ല..ഇവിഎമ്മിൽ സംശയം..തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്ന് കോൺഗ്രസ്…
വോട്ടെണ്ണലിനിടെ വലിയ ട്വിസ്റ്റുകൾ നടന്ന ഹരിയാനയിൽ മൂന്നാമതും ബിജെപി അധികാരത്തിലേക്കെന്ന് ഉറപ്പായതിന് പിന്നാലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചുവെന്ന ആരോപണവുമായി കോൺഗ്രസ്.ജയ്റാം രമേശും പവൻ ഖേരയും ദില്ലിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഹരിയാന തോൽവി കോൺഗ്രസ് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി. വോട്ടിങ് മെഷീൻ്റെ ബാറ്ററി അടക്കം മാറ്റിയതിലും വോട്ടെണ്ണൽ വൈകിയതിലും സംശയങ്ങളുന്നയിച്ച കോൺഗ്രസ് നേതാക്കൾ, ഹരിയാനയിലെ ജനവിധിയല്ല ഇതെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് കോൺഗ്രസ് ഉന്നയിച്ചിരിക്കുന്നത്.
ജാട്ട് സമുദായത്തിന് മുൻതൂക്കമുള്ള മേഖലകളിലടക്കം അട്ടിമറി മുന്നേറ്റം നടത്തിയ ബിജെപി 49 സീറ്റാണ് നേടിയത്. എക്സിറ്റ് പോളുകൾ കാറ്റിൽ പറത്തിയാണ് ഹരിയാനയിലെ താമര തിളക്കം. നയാബ് സിംഗ് സെയ്‌നി തന്നെ വീണ്ടും മുഖ്യമന്ത്രി ആയേക്കും.ഹരിയാനയിലെ വിജയാഹ്ലാദം പ്രകടിപ്പിക്കാൻ ദില്ലയിൽ ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി പ്രവര്‍ത്തകരെ വൈകീട്ട് കാണും.




