വിവാദ വിഷയങ്ങൾ നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം
തിരുവനന്തപുരം: വിവാദ വിഷയങ്ങൾ ഇന്ന് നിയമസഭയിൽ ശക്തമായി ഉന്നയിക്കാൻ പ്രതിപക്ഷം. ദി ഹിന്ദു അഭിമുഖത്തിലെ മലപ്പുറം പരാമർശത്തിലാകും അടിയന്തരപ്രമേയ നോട്ടീസ്. ഗുരുതര ആരോപണങ്ങൾ നേരിട്ടിട്ടും, ആർഎസ്എസ് കൂടിക്കാഴ്ചയിൽ ഡിജിപി വീഴ്ച ചൂണ്ടിക്കാട്ടിയ റിപ്പോർട്ട് നൽകിയിട്ടും എംആർ അജിത് കുമാറിനെതിരെ പേരിന് മാത്രം നടപടിയെടുത്തതും പ്രതിപക്ഷം ഉയർത്തും. അതേസമയം, എഡിജിപി എംആർ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയ നടപടിയിലും വിവാദം കനക്കുകയാണ്. എഡിജിപിക്കെതിരായ നടപടി എൽഡിഎഫ് രാഷ്ട്രീയത്തിൻറെ വിജയമെന്ന് സിപിഐ അവകാശപ്പെട്ടപ്പോൾ പ്രഹസനമെന്നും രക്ഷാപ്രവർത്തനമെന്നുമാണ് പ്രതിപക്ഷം അഭിപ്രായപ്പെട്ടത്. ‘നിയമസഭയിൽ കാണാം’ എന്ന വെല്ലുവിളിയും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയിട്ടുണ്ട്.