ജർമനിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ…. ദുരൂഹത നിറഞ്ഞ ‘ടിപ്പ്’…..
മാവേലിക്കര ; ജർമനിയിലെ ബർലിനിൽ മാവേലിക്കര സ്വദേശി യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. തട്ടാരംമ്പലം പൊന്നോലയിൽ പരേതനായ ഡാനിയേലിന്റെയും ലില്ലി ഡാനിയേലിന്റെയും മകൻ ബിജുമോൻ എന്ന് വിളിക്കുന്ന ആദം ജോസഫ് (30) ആണ് ജർമനിയിൽ കുത്തേറ്റ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് 3 പേരെ ബർലിൻ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ബർളിൻ അപ്ലൈഡ് സയൻസ് യൂണിവേഴ്സിറ്റിയിൽ എം.എസ്.സി കമ്പ്യൂട്ടർ സൈബർ സെക്യൂരിറ്റി കോഴ്സ് പഠിക്കുകയായിരുന്നു ആദം. പാർട് ടൈമായി ഡലിവറി ജോലിയും ചെയ്തിരുന്നു. ഈ മാസം ഒന്നാം തീയതി മുതലാണ് ആദത്തെ കാണാതായത്. 30ന് വൈകിട്ട് 3 മണിക്കാണ് ആദം അവസാനമായി വീട്ടിലേക്ക് വിളിച്ചത്. 1ന് പുലർച്ചെ 2 മണി വരെ ഇയാളുടെ ഫോൺ കണക്ഷൻ ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പിന്നീട് കാണാതാകുകയായിരുന്നു. ഇത് സംബന്ധിച്ച് കൂടെ താമസിച്ചിരുന്നവർ ബർലിൻ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് ബന്ധുക്കൾ എംബസി മുഖേന പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇയാൾ താമസിച്ചിരുന്ന വീട്ടിൽ പരിശോധന നടത്തുകയും വീട്ടിൽ നിന്ന് സാധനങ്ങൾ ഒന്നും നഷ്ടപ്പെട്ടില്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ രണ്ടാം തീയതി നിഗ്രോ വംശജകനായ യുവാവ് ഇയാളെ കൊലപ്പെടുത്തി എന്ന് അറിയിച്ച് ബർളിൻ പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. കൊലപാതകിയുടെ വീട്ടിൽ നിന്ന് തന്നെ ആദത്തിന്റെ മൃതദേഹവും കണ്ടെത്തി.
സ്വയരക്ഷക്കാണ് കൊലപാതകം നടത്തിയതെന്ന് പറഞ്ഞാണ് കൊലപാതകി അഭിഭാഷകൻ മുഖേന ഹാജരായത്. എന്നാൽ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ കൂട്ടാളികളേയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മൃതദേഹത്തിൽ നിരവധി കുത്തുകൾ ഏറ്റ പാടുകൾ ഉണ്ട്. കൊലപാതകം നടത്താനുള്ള കാരണം വ്യക്തമല്ല.
ബഹറിനിൽ ഡിഫൻസ് വകുപ്പിൽ ഫാർമിസ്റ്റായി ജോലി ചെയ്യുന്ന ലില്ലി ഇന്ന് നാട്ടിൽ എത്തും. ഇവരുടെ സഹോദരിയുടെ തട്ടാരമ്പലത്തിലെ വീട്ടിലാണ് ആദം താമസ്സിച്ചിരുന്നത്. മറ്റം സെന്റ് ജോൺസിലായുന്നു പ്രാഥമിക വിദ്യാഭ്യാസം. 15 മാസം മുമ്പാണ് ആദം പഠനത്തിനായി ജർമനിയിൽ എത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ. അനുജൻ ഡാനിയേൽ ബി.എസ്.സി വിദ്യാർത്ഥിയാണ്.
ദുരൂഹത നിറഞ്ഞ ടിപ്പ്
പാർട് ടൈമായി ഡലിവറി ജോലി ചെയ്തിരുന്ന ആദത്തിന് കഴിഞ്ഞ 28ന് വലിയ ഒരു തുക ടിപ്പ് ലഭിച്ചിരുന്നു. 500 യൂറോ (60,000 രൂപ) കിട്ടിയ വിവരം ആദം കൂട്ടുകാരേയും നാട്ടിലെ ബന്ധുക്കളേയും അറിയിച്ചിരുന്നു. അസാധാരണമായ ഈ സംഭവം ആദത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിലാണ് ബന്ധുക്കൾ. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷണസംഘത്തിന് കൈമാറുമെന്ന് ആദത്തിന്റെ ബന്ധുക്കൾ പറഞ്ഞു.