ആ ശബ്ദം നിലച്ചു…ആകാശവാണി വാര്‍ത്താ അവതാരകന് എം രാമചന്ദ്രന് അന്തരിച്ചു…
തിരുവനന്തപുരം: ശബ്ദം കൊണ്ട് മലയാളികൾ തിരിച്ചറിയുമായിരുന്ന രാമചന്ദ്രൻ ഇനിയില്ല. ആകാശവാണിയിലൂടെ മലയാളികൾക്ക് സുപരിചിതനായ എം. രാമചന്ദ്രൻ (91) അന്തരിച്ചു. ആകാശവാണി പ്രക്ഷേപണം ചെയ്ത കൗതുക വാർത്തകളിലൂടെ ശ്രോതാക്കളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ വ്യക്തിയായിരുന്നു. ഇന്നലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്ക്കാരം ഇന്ന് തൈക്കാട് ശ്മശാനത്തിൽ നടക്കും.
‘ആകാശവാണി… കൗതുക വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ…’ എൺപതുകളിലും തൊണ്ണൂറുകളിലും റേഡിയൊ പെട്ടിയിലൂടെ, ഈ ശബ്ദം കേൾക്കാൻ മലയാളി കാത്തിരിക്കുമായിരുന്നു.. അത്രമേൽ ആഴത്തിലാണ് രാമചന്ദ്രന്റെ ശബ്ദവും, അവതരണവും മലയാളിയുടെ മനസിൽ പതിഞ്ഞത്. 1966ൽ ആകാശവാണിക്കൊപ്പം ചേർന്ന അദ്ദേഹം, ജീവിതത്തിലെ മൂന്ന് പതിറ്റാണ്ടുകാലം പ്രക്ഷേപണ കലയ്ക്കായി മാറ്റിവച്ചു. കെഎസ്ഇബിയിലെ ക്ലറിക്കൽ ജോലി ഉപേക്ഷിച്ച് അദ്ദേഹമെത്തിയത്, ആകാശവാണിയിലെ വാർത്ത വായനക്കാരനാകണമെന്ന അടങ്ങാത്ത അഭിവാഞ്ജ ഒന്നു കൊണ്ട് മാത്രം.
മൂന്ന് ദശാബ്ദത്തിലേറെ ആകാശവാണിയിൽ ഇടറാതെ വാർത്തകൾ വായിച്ച എം.രാമചന്ദ്രൻ പൂജപ്പുര മുടവൻമുകളിലെ വീട്ടിൽ വിശ്രമജീവിതത്തിലായിരുന്നു. പരേതയായ കേരള സർവകലാശാല റിട്ട. ജോയിൻ്റ് രജിസ്ട്രാർ വിജയലക്ഷ്മി അമ്മയാണ് ഭാര്യ