ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ല..സുപ്രീം കോടതിയില്‍ കേന്ദ്രം…
വിവാഹബന്ധത്തിലെ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. കൂടിയോലോചനകൾ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നത് സുപ്രീംകോടതിയുടെ അധികാരപരിധിയിൽ വരുന്നതല്ലെന്നും ഇത് നിയമവിഷയത്തേക്കാൾ സാമൂഹികമായ വിഷയമാണെന്നും കേന്ദ്രം സുപ്രീംകോടതിയിൽ പറഞ്ഞു. വൈവാഹിക ബലാത്സംഗം എന്നത് നിയമപരമായ പ്രശ്നത്തേക്കാൾ കൂടുതൽ സാമൂഹിക പ്രശ്നമാണെന്നും അത് സമൂഹത്തെ നേരിട്ട് ബാധിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
ശരിയായ കൂടിയാലോചന നടത്താതെയോ എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങള്‍ കണക്കിലെടുക്കാതെയോ ഈ പ്രശ്‌നത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കുകയില്ല. വിവാഹബന്ധത്തില്‍, പങ്കാളിയില്‍ നിന്ന് ലൈംഗികബന്ധം പ്രതീക്ഷിക്കും. എന്നാല്‍ പങ്കാളിയെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കാനുള്ള അവകാശം ഭര്‍ത്താവിനില്ലെന്നും വിഷയത്തില്‍ ബലാത്സംഗവിരുദ്ധ നിയമപ്രകാരം ഒരാളെ ശിക്ഷിക്കുന്നത് അതിരുകടന്നതാണെന്നും കേന്ദ്രം വാദിച്ചു.
ഭാര്യ-ഭർതൃ ബന്ധത്തിൽ സ്ത്രീയുടെ സമ്മതം സംരക്ഷിക്കുന്നതിനുള്ള നടപടികൾ സർക്കാർ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. വിവാഹിതരായ സ്ത്രീകളോടുള്ള ക്രൂരതയ്ക്ക് ശിക്ഷ നൽകുന്ന നിയമനടപടികളും ഇതിൽ ഉൾപ്പെടുന്നു. വിവാഹിതരായ സ്ത്രീകളുടെ സംരക്ഷണത്തിന് 2005-ലെ ഗാർഹിക പീഡന നിരോധന നിയമം നിലവിലുള്ളതായും കേന്ദ്രം സുപ്രീംകോടതിയിൽ പറഞ്ഞു.