പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറിയ ജനക്കൂട്ടം..ആയുധങ്ങൾ കൊള്ളയടിച്ചു…
രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെ മണിപ്പൂരിലെ ഉഖ്റുൾ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറിയ ജനക്കൂട്ടം ആയുധങ്ങൾ കൊള്ളയടിച്ചു. എകെ 47, ഇൻസാസ് റൈഫിളുകൾ എന്നിവയടക്കമാണ് ജനക്കൂട്ടം കൊണ്ടുപോയത്.. ഗാന്ധി ജയന്തി ദിനത്തിൽ ‘സ്വച്ഛത അഭിയാന്റെ’ ഭാഗമായി പട്ടണത്തിലെ തർക്കഭൂമി വൃത്തിയാക്കുന്നതിനെച്ചൊല്ലി ബുധനാഴ്ച നാഗാ സമുദായത്തിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മണിപ്പൂർ റൈഫിൾസിലെ ഉദ്യോഗസ്ഥനടക്കം മൂന്നുപേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് ജനങ്ങൾ പൊലീസ് സ്റ്റേഷൻ ആക്രമിച്ചത്.
നഗരത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തുകയും മൊബൈൽ ഇന്റനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു. കൊള്ളയടിച്ച ആയുധങ്ങളുടെ എണ്ണം കണക്കാക്കിയിട്ടില്ല. കുക്കി-മെയ്തേയി വംശീയ കലാപം രൂക്ഷമായ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് നേരത്തേയും ആയുധങ്ങൾ കൊള്ളയടിച്ചിരുന്നു. നാഗാ ഭൂരിപക്ഷ പ്രദേശത്ത് ഇതാദ്യമായാണ് പൊലീസ് സ്റ്റേഷന് നേരെയുള്ള ആക്രമണം. അസം റൈഫിൾസ് ക്യാമ്പിൽ നിന്ന് ഏതാനും മീറ്റർ അകലെയാണ് ഉഖ്റുൾ പൊലീസ് സ്റ്റേഷൻ.