മഹാത്മാഗാന്ധിക്കെതിരായ പരാമർശം..വീണ്ടും വിവാദത്തിൽ കങ്കണ..പറഞ്ഞത് എന്തെന്നോ?…
നടിയും ബിജെപി എംപിയുമായി കങ്കണ റണൗട്ട് വീണ്ടും വിവാദത്തിൽ. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കെതിരായ പരാമർശത്തിനു പിന്നാലെ നടിക്കെതിരെ വിമർശനം ശക്തമാകുന്നു.ഗാന്ധിജയന്തി ദിനത്തിൽ കങ്കണ നടത്തിയ പരാമർശമാണ് വിവാദമായത്. മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിക്ക് അദ്ദേഹത്തിൻ്റെ 120-ാം ജന്മവാർഷികത്തിൽ ആദരം അർപ്പിച്ചുള്ള ഇൻസ്റ്റഗ്രാം പോസ്റ്റിലായിരുന്നു ഗാന്ധിയെ ഇകഴ്ത്തിയുള്ള പരാമർശം. ‘രാഷ്ട്രത്തിന് പിതാക്കളില്ല, പുത്രന്മാർ മാത്രമേയുള്ളൂ. ഭാരതമാതാവിൻ്റെ ഈ പുത്രന്മാർ എത്ര ഭാഗ്യവാന്മാർ’- എന്നായിരുന്നു കങ്കണയുടെ പോസ്റ്റ്.
തുടർന്നുള്ള പോസ്റ്റിൽ, രാജ്യത്ത് ശുചിത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിയുടെ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോവുകയാണെന്ന് പറഞ്ഞ കങ്കണ അതിൽ അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു.ഗാന്ധിക്കെതിരായ പരാമർശത്തിൽ കങ്കണയ്ക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ബിജെപി മുതിർന്ന നേതാവ് മനോരഞ്ജൻ കലിയയും കങ്കണയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.’ഗാന്ധിയുടെ 155ാം ജന്മവാർഷിക ദിനത്തിൽ അദ്ദേഹവുമായി ബന്ധപ്പെട്ട് കങ്കണ റണൗട്ട് നടത്തിയ പ്രസ്താവനയെ ഞാൻ അപലപിക്കുന്നു. കങ്കണയുടെ ചുരുങ്ങിയ കാലത്തെ രാഷ്ട്രീയ ജീവിതത്തിനിടെ അവർ വിവാദ പരാമർശങ്ങൾ നടത്തുന്നത് ഒരു പതിവാക്കിയിരിക്കുകയാണ്’- എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘രാഷ്ട്രീയം അവരുടെ വേദിയല്ല. രാഷ്ട്രീയം ഒരു ഗൗരവമായ കാര്യമാണ്. പറയുന്നതിന് മുമ്പ് ചിന്തിക്കണം. അവരുടെ വിവാദ പരാമർശങ്ങൾ പാർട്ടിയെ കുഴപ്പത്തിലാക്കുന്നു’- അദ്ദേഹം വ്യക്തമാക്കി.