ഗ്യാങ് തലവൻ രണ്ട് മാസം മുൻപ് ജയിൽ മോചിതനായത്…തൃശൂരിലെ എടിഎം കവര്‍ച്ചക്ക് ശേഷം അടുത്ത ലക്ഷ്യമിട്ടത് ..

തൃശൂരിലെ എടിഎം കവര്‍ച്ച സിനിമാ സ്‌റ്റൈലില്‍ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും മേവാത്തി ഗ്യാങ് തലവനായ എ.മുഹമ്മദ് ഇക്രാം (42) ആണെന്നു പൊലീസ് കണ്ടെത്തല്‍. എടിഎം കവര്‍ച്ചക്കേസില്‍ മഹാരാഷ്ട്ര പൊലീസ് 2021ല്‍ പിടികൂടിയ ഇയാള്‍ 2 മാസം മുന്‍പാണു ജയിലില്‍ നിന്നിറങ്ങിയത്. പിന്നാലെ തന്നെ അടുത്ത കവര്‍ച്ചയ്ക്ക് പദ്ധതി തയ്യാറാക്കി. സംഘാംഗങ്ങള്‍ ഇക്രയ്ക്ക് ഒപ്പം നിന്നു.

മോഷണത്തിനായി ഇയാള്‍ നേരത്തെ തന്നെ കേരളത്തില്‍ എത്തിയിരുന്നു. ഒരാഴ്ചയോളം തൃശൂരില്‍ തങ്ങി ഇയാള്‍ കൗണ്ടറുകള്‍ കണ്ടെത്തി ‘സാധ്യതാ പഠനം’ നടത്തി. ആളനക്കമില്ലാത്ത മേഖലയിലെ കൂടുതല്‍ പണമുള്ള എടിഎമ്മുകള്‍ ആണ് ഇക്രാം മോഷണത്തിനായി തിരഞ്ഞെടുത്തത്. ഹരിയാനയിലും രാജസ്ഥാനിലും മഹാരാഷ്ട്രയിലുമായി ആറ് എടിഎം കവര്‍ച്ചക്കേസുകള്‍ ഇക്രാമിന്റെ പേരിലുണ്ട്. ഇയാള്‍ക്കു രാജ്യംമുഴുവന്‍ നീളുന്ന തസ്‌കര ശൃംഖലയുമായി അടുത്ത ബന്ധമുണ്ട്.

തൃശൂരിലെ മോഷണത്തിനു ശേഷം തമിഴ്‌നാട്ടിലേക്ക് കടക്കാനായിരുന്നു പദ്ധതി. തമിഴ്‌നാട്ടിലെ നിരവധി എടിഎമ്ുകള്‍ സംഘം നോട്ടമിട്ടിരുന്നു. കോയമ്പത്തൂര്‍ സേലം ദേശീയപാതയിലെ എടിഎം കൗണ്ടറുകള്‍ കൊള്ളയടിക്കാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പോകുന്ന വഴികളില്‍ പലയിടത്തും പൊലീസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ പദ്ധതി ഉപേക്ഷിച്ച് അമിതവേഗത്തില്‍ പാഞ്ഞു. ഇതിനിടെയാണു നാമക്കല്ലില്‍ ഇവരുടെ വാഹനം കാറുകളിലും ബൈക്കുകളിലും ഇടിച്ചത്. സമാന രീതിയിലുള്ള പല കവര്‍ച്ചകള്‍ക്കും ഇതേ ലോറി ഉപയോഗിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.

Related Articles

Back to top button