തൃശൂര്‍ പൂരം കലക്കിയ സംഭവം..ഡിജിപിക്ക് അന്വേഷണ റിപ്പോര്‍ട്ട് സമർപ്പിച്ച് അജിത് കുമാർ…
തൃശൂര്‍ പൂരത്തിനിടയിലെ പൊലീസ് നടപടികളെ കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു. അഞ്ച് മാസത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചെങ്കിലും അതുണ്ടായില്ല. റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെതിരെ സിപിഐ ഉള്‍പ്പടെ രംഗത്തെത്തിയിരുന്നു.
തൃശൂര്‍പൂരം അലങ്കോലപ്പെട്ടതിനു പിന്നില്‍ ഗൂഢനീക്കമുണ്ടോയെന്ന് പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പൂരവുമായി ബന്ധപ്പെട്ട പൊലീസ് റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിഎസ് സുനില്‍കുമാറും ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലടക്കം ആരോപണ വിധേയനായ എഡിജിപി എംആര്‍ അജിത് കുമാറിനായിരുന്നു അന്വേഷണ ചുമതല.