കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിതിൻ ജാംദാർ…
ജസ്റ്റിസ് നിതിൻ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി. മണിപ്പൂർ സ്വദേശിയായ ജസ്റ്റിസ് നിതിൻ ജാംദാർ നിലവിൽ ബോംബെ ഹൈക്കോടതി ജഡ്ജിയാണ്. ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ ബോംബെ ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് നിതിൻ ജാംദാർ. 2012 ജനുവരി 23നാണ് അദ്ദേഹം ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. ബോംബെ ഹൈക്കോടതിയുടെ തന്നെ ആക്ടിംഗ് ചീഫ് ജസ്റ്റിസായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ജസ്റ്റിസ് നിതിൻ ജാംദാർ വൈകാതെ തന്നെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ട്.
ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് കെ ആർ ശ്രീറാമിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ച് കൊണ്ടുള്ള വിജ്ഞാപനവും കേന്ദ്ര സർക്കാർ പുറത്തിറക്കി. കേരള, മദ്രാസ് ഹൈകോടതികൾക്ക് പുറമെ ആറ് ഹൈകോടതികൾക്ക് കൂടി പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു. ഹൈക്കോടതികളുടെ ചീഫ് ജസ്റ്റിസ് നിയമനം വൈകുന്നതിനെതിരെ ഹർജി അടുത്ത ആഴ്ച്ച സുപ്രീം കോടതി പരിഗണിക്കാൻ ഇരിക്കെയാണ് കേന്ദ്രം നിയമന വിജ്ഞാപനം ഇറക്കിയത്.