‘ഒരു അച്ഛൻ എന്ന നിലയിൽ പാര്‍ലമെന്റിൽ വിഷയം ഉന്നയിക്കും….അന്നയുടെ കുടുംബത്തെ സന്ദര്‍ശിച്ച് സുരേഷ് ഗോപി..
കൊച്ചി: ജോലി സമ്മർദ്ദത്തെ തുടർന്ന് മരിച്ച ഏണസ്റ്റ് ആൻഡ് യങ്ങിലെ ചാർട്ടേഡ് അക്കൌണ്ടന്റായിരുന്ന കൊച്ചി സ്വദേശിനി അന്ന സെബാസ്റ്റ്യന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. അന്നയുടെ കുടുംബവുമായി സംസാരിച്ചുവെന്ന് സുരേഷ് ഗോപി സന്ദര്‍ശനത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ അനീതിയുണ്ടായതായാണ് തോന്നുന്നത്. ഇനി ഒരാൾക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകരുത്. സാമൂഹികമായ തിരുത്തൽ ആവശ്യമാണ്. പാര്‍ലമെന്റിൽ അന്നയുടെ മരണം വിഷയമായി വരും. കേന്ദ്ര മന്ത്രി എന്നതിനപ്പുറം ഒരു അച്ഛൻ എന്ന നിലയിൽ പാർലമെന്റിൽ ഉന്നയിക്കും. തൊഴിൽ ചൂഷണം നടത്തുന്ന കമ്പനികൾക്കെതിരെ നടപടി ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.