നാലാമതും ജനിച്ചത് പെൺകുഞ്ഞ്..കുട്ടിയെ നിലത്തെറിഞ്ഞു കൊന്ന പിതാവ് പിടിയിൽ…

നാലാമതും പെൺകുഞ്ഞ് ജനിച്ചതിൻ്റെ ദേഷ്യത്തിൽ കുട്ടിയെ നിലത്തെറിഞ്ഞു കൊന്ന പിതാവ് പൊലീസ് പിടിയിൽ.സംഭവത്തിൽ പിതാവായ 30കാരൻ ബബ്‌ലു ദിവാകറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഉത്തർപ്രദേശിലെ ഇറ്റാവയിലാണ് കൊടുംക്രൂരത അരങ്ങേറിയത്. നാലാമത്തെ കുഞ്ഞ് പെണ്ണായതിൽ ദിവാകർ അസ്വസ്ഥനും രോഷാകുലനുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.ദിവാകറിന് ആദ്യ ഭാര്യയിൽ രണ്ട് പെൺമക്കളുണ്ട്. എന്നാൽ ഭാര്യ മരിച്ചതോടെ ഇയാൾ പുനർവിവാഹം ചെയ്തു. രണ്ടാമത്തെ ഭാര്യയുടെ ആദ്യ കുട്ടിയും പെണ്ണായിരുന്നു. കഴിഞ്ഞ മാസമാണ് ഇവർക്ക് വീണ്ടുമൊരു പെൺകുഞ്ഞ് ജനിച്ചതെന്നും പൊലീസ് പറയുന്നു.

മാതാപിതാക്കളുമായുള്ള തർക്കത്തിനിടെ മദ്യലഹരിയിലായിരുന്ന ദിവാകർ ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ ഭാര്യയുടെ മടിയിൽ നിന്ന് തട്ടിയെടുത്ത് നിലത്തേക്ക് എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു,സംഭവത്തിൽ ഭാര്യയുടെ പരാതിയിൽ ഇയാൾക്കെതിരെ ഭാരതീയ ന്യായ് സംഹിതയിലെ 105 (കുറ്റകരമായ നരഹത്യ) വകുപ്പ് പ്രകാരം കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button