മരിക്കുന്നതിന് 2 മണിക്കൂർ മുമ്പ് വിളിച്ച് സംസാരിച്ചു..അപ്പോഴും പറഞ്ഞത് ജോലിഭാരത്തെ കുറിച്ച്.. അന്നയുടെ സുഹൃത്ത്

കൊച്ചി : തൊഴിൽ സമ്മർദ്ദം കാരണം ജോലി ഉപേക്ഷിക്കാനോ നാട്ടിലേക്ക് സ്ഥലംമാറ്റം വാങ്ങാനോ അന്നാ സെബാസ്റ്റ്യൻ ആലോചിച്ചിരുന്നതായി സുഹൃത്ത് ആൻമേരി. മരിക്കുന്നതിന് രണ്ടു മണിക്കൂർ മുമ്പ് വിളിച്ച് സംസാരിച്ചപ്പോഴും ജോലിയിലെ ബുദ്ധിമുട്ടുകളെ കുറിച്ചാണ് തന്നോട് പറഞ്ഞിരുന്നതെന്നും അന്നയുടെ സ്കൂൾ കാലം മുതലുളള സഹപാഠിയായ ആൻമേരി.

അന്നക്ക് ജോലി സ്ഥലത്ത് വലിയ സമ്മർദ്ദമുണ്ടായിരുന്നു. ഇക്കാര്യം ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞിരുന്നു. ശനി, ഞായർ ദിവസങ്ങളിലും ജോലിക്ക് പോകണം. രാവിലെ 6 മണിക്ക് ഓഫീസിലേക്കെത്തണം. രാത്രി 12 , 1 മണി സമയത്തെല്ലാമാണ് തിരികെ വരുന്നത്. ഇടവേള പോലുമുണ്ടായിരുന്നില്ല. അന്ന വീട്ടിലേക്ക് വരാനിരിക്കെയാണ് മരണമുണ്ടായത്. വീട്ടിലെത്തി കഴിഞ്ഞ് വർക്ക് ഫ്രം ഹോം ചോദിക്കാമെന്ന് അന്ന കരുതിയിരുന്നു. അതിന് ശേഷം കൊച്ചിയിലേക്ക് ട്രാൻസ്ഫർ വാങ്ങാമെന്നും കരുതി. തീരെ പറ്റാത്ത അവസ്ഥയെങ്കിൽ ജോലി ഉപേക്ഷിക്കാമെന്ന് കരുതിയിരുന്നു. മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് നെഞ്ച് വേദന വന്നു. അന്ന് എനിക്ക് മെസേജ് അയച്ചിരുന്നു. പണിയെടുത്ത് പണിയെടുത്ത് നെഞ്ചുവേദന വന്നുവെന്ന് അന്ന പറഞ്ഞിരുന്നു. സ്ട്രെസ് കാരണമുളള നെഞ്ച് വേദനയാണ്. ഡോക്ടറും പറഞ്ഞു. ഫുഡ് ശരിയായി കഴിക്കുന്നില്ല, ഉറക്കമില്ല, ഇതെല്ലാം കാരണമാണെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. അപ്പോഴും തൊഴിൽ സമ്മർദ്ദത്തെ കുറിച്ച് അന്ന പറഞ്ഞിരുന്നുവെന്നും സുഹൃത്ത് വെളിപ്പെടുത്തി.

Related Articles

Back to top button