വിപ്ലവ സൂര്യന് വിട..വിട വാങ്ങിയത് ഇടത് രാഷ്ട്രീയത്തിന്റെ കാവലാൾ…

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിടവാങ്ങുമ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ വലിയ അധ്യായത്തിനാണ് തിരശ്ശീല വീഴുന്നത്.യച്ചൂരി സീതാരാമ റാവു തന്റെ പേരിൽനിന്നു ജാതിവാൽ മുറിച്ചുമാറ്റിയാണു സീതാറാം യച്ചൂരിയെന്ന ജനകീയ സഖാവായത്. മകൻ എൻജിനീയറാവണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം ഡോക്‌ടറാവണമെന്ന് അമ്മയും ആഗ്രഹിച്ചു എന്നാൽ തന്റെ ഇഷ്ടപക്ഷമായി ഇക്കണോമിക്‌സ് പഠിക്കാനായിരുന്നു യച്ചൂരിയുടെ തീരുമാനം. ആ പഠനകാലമാണു കമ്യൂണിസത്തിലേക്ക് എത്തുന്നതും.

സര്‍വേശ്വര സോമയാജി യെച്ചൂരി കല്‍പ്പകം യെച്ചൂരി ദമ്പതികളുടെ മകനായി 1952 ആഗസ്ത് 12ന് മദ്രാസിലാണ് യെച്ചൂരി ജനിച്ചത്. പഠനത്തിലും രാഷ്ട്രീയ പ്രവര്‍ത്തനത്തിലും ഒരുപോലെ മികവ് തെളിയിച്ച വ്യക്തി. ദില്ലി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹം ജെ.എന്‍.യുവില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1974ല്‍ എസ്എഫ്‌ഐയില്‍ അംഗമായി. മൂന്നുവട്ടം ജെ.എന്‍.യു സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.1975ലാണ് സിപിഐ എം അംഗമായത്. 1985ല്‍ 12ാം പാര്‍ടി കോണ്‍ഗ്രസില്‍ കേന്ദ്രകമ്മിറ്റി അംഗമായി. 1992ല്‍ നടന്ന 14ാം പാര്‍ടി കോണ്‍ഗ്രസില്‍ പൊളിറ്റ്ബ്യൂറോയിലെത്തി. 2005മുതല്‍ 2017 വരെ ബംഗാളില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു. വിശാഖപട്ടണത്ത് 2015ല്‍ നടന്ന 21ാം പാര്‍ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ആദ്യമായി ജനറല്‍ സെക്രട്ടറിയായത്. പിന്നീട് ഹൈദരാബാദ്, കണ്ണൂര്‍ പാര്‍ടി കോണ്‍ഗ്രസുകളില്‍ വീണ്ടും ജനറല്‍ സെക്രട്ടറിയായി. പ്രമുഖ മാധ്യമ പ്രവര്‍ത്തക സീമാ ചിത്സിയാണ് ഭാര്യ. അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ആശിഷ് യെച്ചൂരി, ഡോ. അഖിലാ യെച്ചൂരി, ഡാനിഷ് എന്നിവര്‍ മക്കളാണ്.

Related Articles

Back to top button