കോഴിക്കോട് മെഡിക്കൽ കോളേജിനെതിരായ പരാതി..ദേശീയ മെഡിക്കൽ കമ്മീഷന് 10 ലക്ഷം പിഴയിട്ട് കോടതി…

കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളേജിനെതിരെ ദേശീയ മെഡിക്കൽ കമ്മിഷൻ നൽകിയ ഹർജി തള്ളി പത്തുലക്ഷം രൂപ പിഴയിട്ട് സുപ്രീംകോടതി. നാല് ആഴ്ചക്കുള്ളിൽ പിഴ അടയ്ക്കാൻ ദേശീയ മെഡിക്കൽ കമ്മീഷനോട് സുപ്രീംകോടതി നിർദേശിച്ചു. സർക്കാരിന്റെ ഭാഗമായ ദേശീയ മെഡിക്കൽ കമ്മീഷൻ നീതിപൂർവ്വമായി പ്രവർത്തിക്കണമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബിആർ ഗവായ്, കെ വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് സുപ്രധാന ഉത്തരവ്.

2023-24 അധ്യായന വർഷത്തിൽ മെഡിക്കൽ കോളേജിലെ സീറ്റ് 150-ൽ നിന്ന് 250 ആയി ഉയർത്താൻ മെഡിക്കൽ അസസ്മെന്റ് ആൻഡ് റേറ്റിംഗ് ബോർഡ് അനുമതി നൽകിയിരുന്നു. എന്നാൽ പിന്നീട് അനുമതി ബോർഡ് പിൻവലിച്ചു. അഫിലിയേഷൻ സംബന്ധിച്ച അനുമതി പത്രം ഹാജരാക്കാത്തതും, വിഷയം കോടതിയുടെ പരിഗണനയിലാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അനുമതി പിൻവലിച്ചത്. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചതിനെ സുപ്രീം കോടതി വിമർശിച്ചു. വിഷയത്തിൽ കമ്മീഷന് എന്തെങ്കിലും സംശയം ഉണ്ടായിരുന്നുവെങ്കിൽ നേരിട്ട് കോടതിയെ സമീപിക്കണമായിരുന്നു. പതിനെട്ട് വർഷമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തെ അനാവശ്യമായി ബുദ്ധിമുട്ടിക്കുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

Related Articles

Back to top button