14 വർഷങ്ങളായി ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ….
അമ്പലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പുളിങ്കുന്ന് സ്വദേശിയിൽ നിന്നും പണവും പാസ്പോർട്ടും സർട്ടിഫിക്കറ്റുകളും കൈക്കലാക്കി 14 വർഷമായി ഒളിവിൽ കഴിഞ്ഞ കേസ്സിലെ പ്രതിയെ പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തു. 2010 ലായിരുന്നു കേസ്സിനാസ്പദമായ സംഭവം. തൃശൂർ ജില്ലയിൽ ചന്ദ്രാപ്പിളളി എടത്തുരുത്തി പഞ്ചായത്ത് 7 –ാം വാർഡിൽ തേവർകാട്ട് വീട്ടിൽ ജയ്മോനെയാണ് അറസ്റ്റ് ചെയ്തത്. പുളിങ്കുന്ന് പൊലീസ് ഇൻസ്പെക്ടർ എ .എൽ. യേശുദാസിന്റെ നിർദ്ദേശാനുസരണം സബ്ബ് ഇൻസ്പെക്ടർ ഷിബുമോൻ, സിവിൽ പൊലീസ് ഓഫീസർ മിഥുൻ കുമാർ എന്നിവർ ചേർന്ന് ബാംഗ്ലൂരിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് എൽ .പി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്. പ്രതിക്കെതിരെ തൃശുർ ജില്ലയിൽ വലപ്പാട് പൊലീസ് സ്റ്റേഷനിൽ സമാനരീതിയിലുളള കേസ് നിലവിലുളളതാണെന്ന് പുളിങ്കുന്ന് പൊലീസ് അറിയിച്ചു. പ്രതിയെ രാമങ്കരി കോടതിയിൽ ഹാജരാക്കി.