പിത്താശയത്തില്‍ കല്ല്..യൂട്യൂബ് നോക്കി ശസ്ത്രക്രിയ ചെയ്ത് ഡോക്ടർ..പതിനഞ്ചുകാരന് ദാരുണാന്ത്യം….
വ്യാജ ഡോക്ടറിന്റെ ചികിത്സയില്‍ 15കാരന്‍ മരിച്ചു. വീട്ടുകാരുടെ സമ്മതം വാങ്ങാതെ പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് 15കാരന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. യൂട്യൂബ് വീഡിയോകള്‍ നോക്കിയാണ് വ്യാജ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഉടന്‍ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയെങ്കിലും വഴിമധ്യേ കുട്ടിക്ക് മരണം സംഭവിക്കുകയായിരുന്നു.ബിഹാര്‍ തലസ്ഥാനമായ പാട്‌നയിലെ ഗണപതി സേവാ സദന്‍ ആശുപത്രിയിലാണ് സംഭവം. അജിത് കുമാര്‍ പുരി എന്ന ആള്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
പാറ്റ്ന സ്വദേശിയായ കൃഷ്ണ കുമാര്‍ ആണ് മരിച്ചത്.തുടര്‍ച്ചയായി ഛര്‍ദിച്ചതിനെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടിയുടെ ഛര്‍ദി നിന്നു. എന്നാല്‍ അജിത് കുമാര്‍ പുരി കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ നിര്‍ദേശിച്ചു. കുട്ടിക്ക് വയറില്‍ വേദനയുണ്ടെന്ന് പറഞ്ഞപ്പോള്‍ അത് കേള്‍ക്കാന്‍ അയാള്‍ തയ്യാറായില്ല. തങ്ങളുടെ എതിര്‍പ്പ് മറികടന്ന് അയാള്‍ കുട്ടിയെ ഓപ്പറേഷന്‍ തീയറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഡോക്ടര്‍ക്ക് മതിയായ യോഗ്യതയുണ്ടോയെന്ന് അറിയില്ലായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. അയാള്‍ വ്യാജ ഡോക്ടര്‍ ആണെന്ന് കരുതുന്നതായും ബന്ധുക്കള്‍ ആരോപിച്ചു.പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.