പേരാമ്പ്രയിലെ വയോധികന്റെ മരണം കൊലപാതകം..മകൻ പിടിയിൽ..അമ്മ ബന്ധുവീട്ടിൽ പോയ സമയത്ത്…
കോഴിക്കോട് പേരാമ്പ്രയിൽ വയോധികനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. പേരാമ്പ്ര കൂത്താളിക്ക് സമീപം രണ്ടേ ആറിൽ ശ്രീധരനാണ് കൊല്ലപ്പെട്ടത്. മകൻ ശ്രീലേഷാണ് അച്ഛനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം.ശ്രീധരന്റെ ഭാര്യ വിമല ബന്ധു വീട്ടിലായിരുന്നു.ഈ സമയം വീട്ടിൽ നിന്നും ഒരുമിച്ച് മദ്യപിച്ച അച്ഛനും മകനും തമ്മിൽ വാക്ക് തർക്കമായി. ഇതിനിടെ ശ്രീലേഷ് അച്ഛനെ മർദ്ദിക്കുകയായിരുന്നു. മകന്റെ ചവിട്ടേറ്റ് ശ്രീധരന്റെ വാരിയെല്ലുകൾ പൊട്ടി. തലയ്ക്കും ശരീരത്തിലും മാരകമായി പരിക്കേറ്റ ശ്രീധരൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
ഇതോടെ മകൻ തന്നെ അമ്മയെ വിളിച്ച് അച്ഛൻ വീട്ടിൽ ബോധമില്ലാതെ കിടക്കുന്നുവെന്ന് അറിയിക്കുകയായിരുന്നു. ഇവർ അറിയിച്ചതിനെ തുടർന്ന് അയൽവാസി വീട്ടിലെത്തി നോക്കിയപ്പോൾ ആണ് മരണ വിവരം അറിയുന്നത്.തുടർന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മകനാണ് കൊലപാതകത്തിന് പിന്നിലെന്ന് തെളിഞ്ഞത്. പ്രതി ശ്രീലേഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.