വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തടയുന്നതിൽ പരാജയപ്പെട്ടു.. 30 ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചു…
വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തടയുന്നതിൽ പരാജയപ്പെട്ട 30 ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ച് ഭരണാധികാരി കിം ജോങ് ഉൻ. ദക്ഷിണകൊറിയൻ മാധ്യമങ്ങളാണ് ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ച വിവരം റിപ്പോർട്ട് ചെയ്തത്. ജൂലൈയിൽ ഉത്തരകൊറിയയിലുണ്ടായ പ്രളയത്തിൽ ആയിരത്തോളം പേർ മരിച്ചിരുന്നു.കനത്ത മഴയും ഉരുൾപൊട്ടലും ചാങ്ഗാങ് പ്രവശ്യയിൽ കനത്ത നാശം വിതയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വെള്ളപ്പൊക്കത്തിനു കാരണക്കാരായ ഉദ്യോഗസ്ഥർക്ക് കടുത്ത ശിക്ഷ നൽകാൻ കിം ജോങ് ഉൻ ഉത്തരവിട്ടതെന്ന് റിപോർട്ടുകൾ പറയുന്നു.
അഴിമതി, കൃത്യനിർവഹത്തിൽ വീഴ്ചവരുത്തുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഉദ്യോഗസ്ഥർക്കെതിരായ നടപടി. സിൻജുവിൽ നടന്ന അടിയന്തര പോളിറ്റ്ബ്യൂറോ യോഗത്തിലാണ് കിം ജോങ് ഉന്നിന്റെ നിർദേശം പുറത്തുവന്നത്. വെള്ളപ്പൊക്ക ബാധിത പ്രദേശത്തെ 20-30 ഉദ്യോഗസ്ഥരെ കഴിഞ്ഞ മാസം അവസാനം ഒരേ സമയം വധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. വധിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും 2019 മുതൽ ചാങ്ഗാങ് പ്രവിശ്യാ പാർട്ടി കമ്മിറ്റിയുടെ സെക്രട്ടറി കാങ് ബോങ് ഹൂൺ ഉൾപ്പെടെയുള്ളവർ നടപടിക്ക് വിധേയരായവരിൽ ഉൾപ്പെടുന്നതായി ഉത്തര കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.