മുളകുപൊടി വിതറി ആറുപവന്റെ മാല മോഷ്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ….
പാറശ്ശാല : വെള്ളംചോദിച്ച് വീട്ടിലെത്തിയശേഷം മുളകുപൊടി വിതറി വീട്ടമ്മയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശിനിയായ യുവതി പിടിയിൽ. കൊല്ലങ്കോട് പുന്നമൂട്ടുക്കട വെങ്കഞ്ഞി സ്കൂളിനു സമീപം വാടകയ്ക്കു താമസിക്കുന്ന നാഗർകോവിൽ വെട്ടൂർണിമും ഫ്ളോറൻസ് കോളനിയിൽ സുകന്യ(31) യെയാണ് നാട്ടുകാർ പിടികൂടി പോലീസിനു കൈമാറിയത്.
പ്ലാമൂട്ടുക്കട കൊച്ചുഭഗവതിക്ഷേത്രത്തിനു സമീപത്തെ നിർമലയുടെ വീട്ടിലെത്തിയ സുകന്യ കുടിവെള്ളം ആവശ്യപ്പെട്ടു. അടുക്കളയിൽനിന്നു കുടിവെള്ളവുമായി മടങ്ങിയെത്തിയ നിർമലയെ കടന്നുപിടിച്ച് ഹാളിലെ സെറ്റിയിലേക്കു തള്ളിയിട്ട് കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു.
നിർമലയുടെ നിലവിളികേട്ട് അയൽവാസിയായ വനിത ഓടിയെത്തുന്നതു കണ്ട സുകന്യ, അവരെയും ആക്രമിച്ച് ആറുപവന്റെ മാല കവർന്ന് ഓടിരക്ഷപ്പെട്ടു.
പുറത്തേക്ക് ഓടിയ മോഷ്ടാവ് കൊച്ചുഭഗവതിക്ഷേത്രത്തിനു സമീപത്തുവെച്ച് പെട്ടി ഓട്ടോറിക്ഷയെ കൈകാണിച്ചു നിർത്തി പ്ലാമൂട്ടുക്കടയിൽ വിടാനായി ആവശ്യപ്പെട്ടു. ഡ്രൈവറുടെ നിർദേശപ്രകാരം ഓട്ടോറിക്ഷയുടെ പുറകിൽ കയറാൻ ശ്രമിച്ച സുകന്യ റോഡിലേക്കു വീണു. യുവതി അപകടത്തിൽപ്പെട്ടതായി തെറ്റിദ്ധരിച്ച് ഓടിയെത്തിയ നാട്ടുകാർ യുവതിയെ റോഡിൽനിന്ന് എഴുന്നേൽപ്പിച്ചുകൊണ്ട് നിൽക്കേ പിന്നാലെ നിലവിളിയുമായി അയൽവാസി എത്തി.തുടർന്ന് മോഷണവിവരം അറിഞ്ഞ നാട്ടുകാർ സുകന്യയെ തടഞ്ഞുവെച്ച് പൊഴിയൂർ പോലീസിനു കൈമാറുകയായിരുന്നു.