അഞ്ചു വയസ്സുകാരനും അമ്മയും തോട്ടില്‍ വീണു…രക്ഷപ്പെടുത്തി കെഎസ്ആര്‍ടിസി ഡ്രൈവര്‍…
സ്കൂളിലേക്ക് പോയ അഞ്ചു വയസ്സുകാരന് നടപ്പാലത്തില്‍ നിന്നും തോട്ടിലേക്ക് വീണു. ഒഴുകി പോയ മകനെ രക്ഷിക്കാന്‍ നീന്തല്‍ അറിയില്ലാത്ത അമ്മയും കൂടെച്ചാടി. ഇരുവരെയും ബഹളം കേട്ടെത്തിയ അയല്‍വാസി രക്ഷപ്പെടുത്തി. കരീമഠം ഒളോക്കരിച്ചിറ പി.എം.മോനേഷിന്റയും സല്‍മയുടെ മകന് യുകെജി വിദ്യാര്‍ഥി ദേവതീര്‍ഥ് ആണ് ആഴമേറിയ തോട്ടില്‍ വീണത്.
സ്കൂളിനടുത്തുള്ള ഇരുമ്പുതകിട് കൊണ്ടുള്ള പാലത്തില്‍ നിന്നും ദേവതീര്‍ഥ് തെന്നി തോട്ടിലേക്കു വീഴുക ആയിരുന്നു. തകിടില്‍ മഴവെള്ളം വീണുകിടന്നിരുന്നതില് തെന്നി വീഴുകയായിരുന്നു. മഴക്കോട്ട് ഉണ്ടായിരുന്നതിനാല്‍ വെള്ളത്തിനു മീതെ പൊങ്ങിക്കിടന്നെങ്കിലും ദേവതീര്‍ഥ് ഒഴുക്കില്‍പെട്ടു. മകന് ഒഴുക്കില്‍പെട്ടതു കണ്ട അമ്മ സല്‍മയും തോട്ടിലേക്കു ചാടി. രണ്ടുപേര്‍ക്കും തോട്ടിലെ തെങ്ങിന്തടിയില് പിടിത്തം കിട്ടി.
ഇതു കണ്ട് ആളുകള്‍ ബഹളം വെച്ചു. ശബ്ദം കേട്ട് സമീപത്തെ വീട്ടില്‍ താമസിക്കുന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബിനു ഓടിയെത്തി ഇരുവരെയും രക്ഷപ്പെടുത്തി. കരീമഠം ഗവ. വെല്‍ഫെയര്‍ യുപി സ്കൂളിലാണു ദേവതീര്‍ഥ് പഠിക്കുന്നത്. കുമരകം ശ്രീകുമാരമംഗലം ക്ഷേത്രം മേല്‍ശാന്തിയാണു പിതാവ് മോനേഷ്. മോനേഷിന്റെ ഇളയമകനാണ് ദേവതീര്‍ഥ്. മൂത്തമകന് 7 വയസ്സുകാരന് ദേവപ്രയാഗ്.