ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തെ തകർക്കാൻ.. ദേവസ്വം ബോർഡിന്റെ ഉപദേശക സമിതി നിർദേശം.. ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി കൺവൻഷൻ…
മാവേലിക്കര- ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിൽ ഉപദേശക സമിതി രൂപീകരിക്കാനുള്ള ദേവസ്വം ബോർഡിന്റെ പുതിയ നിർദേശം ക്ഷേത്രത്തെ തകർക്കാനാണെന്ന് ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഉപദേശക സമിതി രൂപീകരിക്കാൻ ആദ്യം മുതൽ മുൻകൈ എടുത്തത് ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷനാണ്. 2014 മുതൽ ഉപദേശക സമിതി രൂപീകരിയ്ക്കുന്നതിന് ദേവസ്വം ബോർഡിനെ സമീപിച്ച് ചർച്ചകൾ നടത്തിയതാണ്. അതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ബോർഡ് 2023ൽ ഉപദേശക സമിതി രൂപീകരിയ്ക്കുന്നതിനു അംഗീകാരം നൽകുകയും കരകൾ മെമ്പർഷിപ്പ് കൈപ്പറ്റുകയും ചെയ്തതാണ്. എന്നാൽ നിലവിലെ ബോർഡ് പ്രേത്യേക താല്പര്യം എടുത്ത് മുൻ തീരുമാനത്തെ അട്ടിമറിച്ചുകൊണ്ടാണ് ചർച്ചകൾ നടത്താതെ പുതിയ തീരുമാനം എടുത്തിരിക്കുന്നതെന്ന് കൺവൻഷൻ ആരോപിച്ചു.
ക്ഷേത്രാവകാശികളായ 13 കരകളെയും 1957ൽ രൂപിക്യതമായ ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷനേയും ഇല്ലാതാക്കാനുള്ള ദേവസ്വം ബോർഡിന്റെ ശ്രമത്തെ നിയമപരമായും ജനകീയ പ്രക്ഷോഭത്തിലൂടെയും പരാജയപ്പെടുത്തുവാൻ ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ്റെ അടിയന്തിര പൊതുയോഗം തീരുമാനിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ഉത്സവവാദി അടിയന്തരങ്ങൾ ഉള്ള ചെട്ടികുളങ്ങര ക്ഷേത്രത്തിൽ ഇവ ഏഴു പതിറ്റാണ്ടായി നിഷ്ടയോടെയും, ചിട്ടയായും നടത്തുന്ന ഭരണസമിതിയാണ് ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ. കൺവൻഷന്റെയും കരകകളുടേയും അഭിപ്രായം കേട്ട ശേഷം രണ്ടുകൂട്ടർക്കും സ്വീകാര്യമായ രീതിയിൽ ഒരു ബൈലോ ഉണ്ടാക്കി ഉപദേശക സമിതി രൂപീകരിക്കുവാനുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിയെ വളച്ചൊടിച്ചാണ് ഇപ്പോൾ ദേവസ്വം ബോർഡ് പ്രവർത്തിക്കുന്നതെന്നും ഭാരവാഹികൾ ആരോപിച്ചു.
ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ ആചാരങ്ങൾ ക്ഷേത്ര ഉൽപത്തി മുതൽ ക്ഷേത്ര അവകാശികളായ 13 കരകളാണ് ക്ഷേത്ര പടിത്തരo പ്രകാരം നാളിതുവരെ ചെയ്തുവരുന്നത്. എന്നാൽ ദേവസ്വം ബോർഡ് ഇറക്കിയ ഉപദേശക സമിതി നിർദേശങ്ങൾ പ്രകാരം ക്ഷേത്ര ആചാരങ്ങൾ ചെയ്യുന്നതിന് കരകൾക്ക് യാതൊരു അവകാശവും ഇല്ലാത്ത സാഹചര്യം ഉണ്ടാകും. ദേവസ്വം ബോർഡിൻറെ ഇത്തരത്തിലുള്ള തീരുമാനങ്ങൾ കാരണം ക്ഷേത്ര ആചാരങ്ങൾ മുടക്കം വരുകയാണെങ്കിൽ 13 കരകൾക്കു ഇതിനു യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കില്ലെന്നും കൺവൻഷൻ അറയിച്ചു. ഇത്തരത്തിൽ ആചാര ലംഘന തീരുമാനങ്ങൾ എടുക്കുന്ന ദേവസ്വം ബോർഡ് തീരുമാനങ്ങളെ, 13 കരകളും ഒന്നിച്ചു നിന്ന് ചെറുത്തു തോൽപ്പിക്കണമെന്നും ഭാരവാഹികൾ പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പ്രസിഡൻ്റ് ബി.ഹരികൃഷ്ണൻ, സെക്രട്ടറി എം.മനോജ് കുമാർ, വൈസ് പ്രസിഡന്റ് പി.കെ രജികുമാർ, ട്രഷറർ പി.രാജേഷ്, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ വി.അനിൽകുമാർ, ശശിരാജ്, രാജേന്ദ്രൻ നായർ, ആർ.രാജേഷ്കുമാർ, മധുസൂധനൻ നായർ, മോഹനൻ പിള്ള എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.




