നവവരൻ ജീവനൊടുക്കിയ സംഭവം… മരണ കാരണം കണ്ടെത്താന്‍ മൊബൈല്‍ പരിശോധന നിര്‍ണ്ണായകമാകും….
താലികെട്ടിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ വരന് ജീവനൊടുക്കിയതിന്റെ കാരണം ഇപ്പോഴും അജ്ഞാതം. കരിപ്പൂര്‍ കുമ്മിണിപ്പറമ്പിലെ കോട്ടത്തൊടി കൃഷ്ണന്റെ മകന് ജിബിന്റെ (32) മരണ കാരണം കണ്ടെത്താന്‍ മൊബൈല്‍ പരിശോധന നിര്‍ണ്ണായകമാകും. രണ്ടുദിവസം മുന്‍പ് വധുവിനൊപ്പം ഫോട്ടോഷൂട്ട് നടത്തുകയും വിവാഹത്തലേന്ന് വീട്ടിലൊരുക്കിയ വിരുന്നില്‍ നിറഞ്ഞുനില്ക്കുകയും ചെയ്ത ജിബിന്‍ എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും ഇനിയും അറിയില്ല. മഞ്ചേരിയിലെ തിരുമണിക്കര ക്ഷേത്രത്തിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്.
മഞ്ചേരി സ്വദേശിനിയുമായുള്ള വിവാഹം ഒരുവര്‍ഷം മുന്‍പേ ഉറപ്പിച്ചതായിരുന്നു. ഷാര്‍ജയില്‍ ഡെന്റല്‍ ടെക്നീഷ്യനായ ജിബിന്‍ ഒരാഴ്ചമുന്‍പാണ് ഒരു മാസത്തെ അവധിക്ക് നാട്ടിലെത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ ആറുമണിയോടെ ഒരുക്കാനായി ബ്യൂട്ടീഷ്യന് വീട്ടിലെത്തിയപ്പോള്‍ കുളിക്കാനായി ശൗചാലയത്തില്‍ കയറിയതാണ് യുവാവ്. ഒരു മണിക്കൂറോളം കഴിഞ്ഞിട്ടും പുറത്തിറങ്ങാതെയായി. വാതിലിന്റെ കുറ്റിപൊളിച്ച് അകത്തുകടന്നപ്പോള്‍ യുവാവ് ഇടതുകൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു. കഴുത്തില്‍ കുരുക്കിടുകയും ചെയ്തിരുന്നു.




