ഇന്ത്യന്‍ ഭരണകൂടം മനുസ്മൃതിയിലേക്ക് നീങ്ങുന്നു : കെ.പി.എം.എസ്
മാവേലിക്കര: ഇന്ത്യന്‍ ഭരണഘടന തന്നെ മാറ്റി മറിക്കുന്നതിനു മുന്നോടിയായി ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന നിയമങ്ങളായ ഇന്ത്യന്‍ പീനല്‍ കോഡ്, സി.ആര്‍.പി.സി, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവ ഇല്ലാതാക്കി ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യബില്ല് എന്നിവ കൊണ്ടുവന്നിരിക്കുന്ന ഭരണകൂടം ഭാരതീയ മനുസ്മൃതിയെ നിയമാക്കുന്നത് അനതിവിദൂര ഭാവിയില്‍ നമുക്ക് കാണേണ്ടിവരുമെന്ന് കേരള പുലയന്‍ മഹാസഭ സംസ്ഥാന ട്രഷറാര്‍ അഡ്വ.റ്റി.സി.പ്രസന്ന പറഞ്ഞു. കേരള പുലയന്‍ മഹാസഭ മാവേലിക്കര താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി താലൂക്ക് കമ്മറ്റികളെ ഉള്‍പ്പെടുത്തി നടത്തിയ മഹാത്മ അയ്യന്‍കാളി 161ാമത് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. താലൂക്ക് പ്രസിഡന്റ് അനീഷ് ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. തണ്ടാന്‍ മഹാസഭ സംസ്ഥാന കമ്മറ്റി അംഗം വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി അനീഷ.എസ്, പി.കെ.തമ്പി, വിജന്‍ മഞ്ഞാടിത്തറ, പി.കെ.ഗോപിനാഥന്‍, ചന്ദ്രശേഖരന്‍, രതീഷ്.ആര്‍, സന്ധ്യതമ്പി, ഗോപാലകൃഷ്ണന്‍, സന്തോഷ് പാണ്ടവന്‍പാറ, സുജ രാജേഷ്, സുജ ജ്യോതിദാസ്, സജു പ്രായിക്കര എന്നിവര്‍ സംസാരിച്ചു.