ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ ഉപദേശക സമിതി രൂപീകരിക്കും …ദേവസ്വം ബോര്‍ഡ്…
മാവേലിക്കര: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ ഹൈക്കോടതി വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍ ഉപദേശക സമിതി രൂപീകരിക്കാന്‍ തീരുമാനമെടുത്തതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ദേവസ്വം മെമ്പര്‍മാരായ എ.അജികുമാര്‍, ജി.സുന്ദരേശന് എന്നിവര്‍ മാവേലിക്കരയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പരാതിക്കാരെയും കരക്കാരെയും വിളിച്ച് ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഉപദേശക സമിതി രൂപീകരിക്കുന്നത്.
മറ്റുള്ള ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി 13 കരകള്‍ 13 രജിസ്ട്രേഡ് മണ്ഡലങ്ങളായി മാറും. ക്ഷേത്രവുമാായി ബന്ധപ്പെട്ട 13 കരകളില്‍ താമസിക്കുന്ന ഭക്തജനങ്ങള്‍ക്ക് രജിസ്ട്രേഡ് മണ്ഡലത്തില്‍ അംഗത്വം ലഭിക്കും. ക്ഷേത്രപരിസരത്ത് ജനിച്ചുവളര്‍ന്നവരും ക്ഷേത്ര വികസനത്തിനും ആഘോഷങ്ങളിലും പങ്കാളികളാകുന്നവരും എന്നാല്‍ ജീവിതോപാധിക്കുവേണ്ടി മാറി താമസിച്ചിട്ടുള്ളതുമായ 13 കരകളില്‍ ഉല്പ്പെടുന്നവര്ക്ക് അംഗത്വം ലഭിക്കും. 13 കരകള്‍ ഉള്‍പ്പെടുന്ന ഭൂപ്രദേശത്തെ ക്ഷേത്രത്തിന്റെ പ്രവര്‍ത്തന പരിധിയായി നിശ്ചയിക്കും.
ഓരോ രജിസ്ട്രേഡ് മണ്ഡലത്തിലേയും അംഗങ്ങളെ ക്ഷേത്ര കോമ്പൗണ്ടില്‍ വിളിച്ചുകൂട്ടി അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍, അഡ്മിനിസ്ട്രേറ്റീവ് ആഫീസര്‍, വരണാധികാരി എന്നിവരുടെ സാന്നിധ്യത്തില്‍ ഇവരില്‍ നിന്ന് ഓരോ കമ്മറ്റി അംഗങ്ങളെ സമവായത്തിലൂടെയോ അല്ലാത്തപക്ഷം നറുക്കെടുപ്പിലൂടെയോ തിരഞ്ഞെടുക്കും. ഈ പതിമൂന്ന് പേരില്‍ നിന്നും സമവായത്തിലൂടെയോ നറുക്കെടുപ്പിലൂടെയോ പ്രസിഡന്റ, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ തെരഞ്ഞെടുക്കും. ഒരുമാസത്തിനുള്ളില്‍ മുവുവന്‍ ഭക്തജനങ്ങളേയും അറിയിച്ചുകൊണ്ട് അംഗത്വം വിതരണം പൂര്‍ത്തീകരിക്കുമെന്നും അവര്‍ അറിയിച്ചു.