വിദേശ രാജ്യങ്ങളിലും ജോലി നൽകാം എന്ന് പറഞ്ഞ് നിരവധി പേരിൽ നിന്ന് പണം തട്ടി..അമ്പലപ്പുഴയിൽ ഒരാൾ പിടിയിൽ…

അമ്പലപ്പുഴ: മാൾട്ടയിലും മറ്റ് വിദേശ രാജ്യങ്ങളിലും ജോലി നൽകാം എന്ന് പറഞ്ഞ് കേരളത്തിലെ പല ജില്ലകളിലും നിരവധി പേരിൽ നിന്ന് പണം തട്ടിയവരിൽ ഒരാൾ പിടിയിൽ. എറണാകുളം കുന്നത്ത്നാട് രായമംഗലം പഞ്ചായത്ത് 18ാം വാർഡിൽ ചിറങ്ങര വീട്ടിൽ പൈലിയുടെ മകൻ സി.പി ബാബു (55) നെ ആണ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പക്ടർ എം. പ്രതീഷ് കുമാർൻ്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2022 ജൂലൈ മുതൽ 2023 മാർച്ച് വരെയാണ് കേസിന് ആസ്പദമായ സംഭവം. പുറക്കാട് സ്വദേശിയായ യുവാവിനെ മാൾട്ടയിൽ ഡ്രൈവറായി ജോലിക്ക് കൊണ്ട് പോകാമെന്ന് പറഞ്ഞു ആലുവയിൽ പാസ്പോർട്ട് ഓഫീസിന് അടുത്ത് ഫ്ലൈ എൻ വേ എന്ന പേരിൽ ട്രാവൽ ഏജൻസി നടത്തിയിരുന്ന ഒന്നാം പ്രതി സ്നേഹ എന്ന് വിളിക്കുന്ന റുഷീദയുടെ കയ്യിൽ നേരിട്ട് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയും, രണ്ടാം പ്രതി ബാബുവിൻ്റെ അക്കൗണ്ടിൽ മൂന്ന് ലക്ഷത്തി ഇരുപതിനായിരം ഉൾപ്പെടെ നാല് ലക്ഷത്തി നാല്പതിനായിരം രൂപ പലപ്പോഴായി വാങ്ങിയിട്ട് വിസ നൽകാതെ 2023 ഒക്ടോബർ മാസത്തിൽ ട്രാവൽ ഏജൻസി പൂട്ടിയതിനെ തുടർന്ന് മുങ്ങുകയായിരുന്നു.

തുടർന്ന് പുറക്കാട് സ്വദേശിയായ യുവാവിൻ്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ,രണ്ടാം പ്രതി ബാബുവിനെ പെരുമ്പാവൂരിലെ കുറുപ്പംപടിയിൽ നിന്നും അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സമാനമായി നിരവധി പേരിൽ നിന്നും പണം തട്ടിയിട്ടുള്ളതായി അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു. നിലവിൽ പല സ്ഥലങ്ങളിലായി മാറി മാറി ഒളിവിൽ താമസിക്കുകയായിരുന്നു രണ്ടാം പ്രതി ബാബു. 2016 ൽ സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിന് സ്‌നേഹയ്ക്കും ബാബുവിനുമെതിരെ പെരുമ്പാവൂർ സ്റ്റേഷനിൽ കേസ് ഉണ്ട്. സ്ഥാപനം പൂട്ടിയ ശേഷം ഒന്നാം പ്രതി ഇടുക്കി ശാന്തംപാറ സ്വദേശിനിയായ സ്നേഹ എന്ന് വിളിക്കുന്ന റുഷീദ വിദേശത്തേക്ക് കടന്നതായി സംശയിക്കുന്നു. സ്നേഹയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി. അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. പ്രതീഷ്കുമാർ ൻ്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിബിൻദാസ്, മുഹമ്മദ് ഷഫീഖ്, സിവിൽ പൊലീസ് ഓഫീസർ സുബിൻ വർഗ്ഗീസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles

Back to top button