രണ്ടാംഭാര്യയെ കൊന്ന കേസിൽ വയോധികന് ജീവപര്യന്തം….
നെയ്യാറ്റിൻകര : തർക്കത്തെ തുടർന്ന് രണ്ടാംഭാര്യയെ കുത്തിക്കൊന്ന കേസിലെ പ്രതി തിരുവല്ലം പുഞ്ചക്കരി, തിരുവഴിമുക്ക് സൗമ്യ കോട്ടേജിൽ ചുക്രൻ എന്നറിയപ്പെടുന്ന ബാലാനന്ദ (അപ്പുക്കുട്ടൻ – 89) ന് നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ ജഡ്ജി എ.എം.ബഷീർ ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവല്ലം മേനിലം തിരുവഴി മുക്ക് ജംഗ്ഷനിൽ സൗമ്യ കോട്ടേജിൽ ജഗദമ്മ (82) യാണ് മരിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധികം തടവ് അനുഭവിക്കണം. 2022 ഡിസംബർ 22ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.
ബാലാനന്ദന്റെ ആദ്യ ഭാര്യ കമലമ്മയുടെ മകൾ സൗമ്യ പ്രതിക്കും ജഗദമ്മയ്ക്കുമൊപ്പം തിരുവല്ലത്തെ ഇരുനില വീട്ടിലാണ് താമസിച്ചിരുന്നത്. കമലമ്മയുടെ മറ്റുമക്കളായ ലത, ജയചന്ദ്രൻ എന്നിവർ വീട്ടിൽ വരുന്നത് ബാലാനന്ദന് ഇഷ്ടമില്ലായിരുന്നു. എന്നാൽ, മക്കളില്ലാത്ത ജഗദമ്മയ്ക്ക് അവരോട് സ്നേഹമായിരുന്നു. ഇതേച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.സൗമ്യയുടെ ഭർത്താവ് വിദേശത്തു നിന്ന് കൊണ്ടുവന്ന ഗാർഹികാവശ്യത്തിനുള്ള സ്റ്റീൽ കത്തിയാണ് പ്രതി കൊലയ്ക്ക് ഉപയോഗിച്ചത്. സൗമ്യയുടെ കൺമുമ്പിൽ വച്ചാണ് ബാലാനന്ദൻ ജഗദമ്മയുടെ നെഞ്ചിലും മുതുകിലുമായി അഞ്ച് തവണ കുത്തിയത്. തിരുവല്ലം പൊലീസ് എത്തിയാണ് പ്രതിയെ കീഴടക്കി കസ്റ്റഡിയിലെടുത്തത്. ജഗദമ്മയുടെ ഹൃദയത്തിനും കരളിനുമേറ്റ മുറിവുകളാണ് മരണകാരണമായത്.കൃത്യം നടന്ന വീട്ടിലെ സി.സി ടിവി ദൃശ്യങ്ങൾ തെളിവായി പൊലീസ് കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷൻ 24 സാക്ഷികളെ വിസ്തരിച്ചു. തിരുവല്ലം പൊലീസ് ഇൻസ്പെക്ടറായിരുന്ന രാഹുൽ രവീന്ദ്രനവാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശാല എ.അജികുമാർ ഹാജരായി.