സംസ്ഥാന ഭാഗ്യക്കുറിയുടെ പേരില്‍ വ്യാജ ലോട്ടറി വില്‍പ്പന..60 ആപ്പുകള്‍ക്ക് പൂട്ട്…

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരില്‍ ഓണ്‍ലൈനില്‍ വ്യാജ ലോട്ടറിവില്‍പ്പന നടത്തുന്ന ആപ്പുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് കേരള പൊലീസ്. ഇത്തരം 60 വ്യാജ ആപ്പുകള്‍ സൈബര്‍ പട്രോളിങ്ങിനെ തുടര്‍ന്ന് കണ്ടെത്തിയതായി കേരള പൊലീസ് അറിയിച്ചു.തട്ടിപ്പുമായി ബന്ധപ്പെട്ട് 25 വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈലും 20 വെബ് സൈറ്റുകളും കണ്ടെത്തി. ഇത്തരം തട്ടിപ്പിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി കര്‍ശന നിയമനടപടി സ്വീകരിക്കും. വ്യാജ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിന് നോട്ടീസ് നല്‍കി. ഇത്തരം ഓണ്‍ലൈന്‍ ലോട്ടറികളുടെ പരസ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് നീക്കാന്‍ മെറ്റയ്ക്കും നോട്ടീസ് നല്‍കിയതായും കേരള പൊലീസ് അറിയിച്ചു.

സംസ്ഥാന ലോട്ടറി ഓണ്‍ലൈന്‍ ആയി എടുക്കാം എന്ന വ്യാജപരസ്യം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്‌സ്ആപ്പ്, ടെലഗ്രാം, ഇന്‍സ്റ്റാഗ്രാം മുതലായ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ ഓണ്‍ലൈന്‍ ലോട്ടറി ആരംഭിച്ചെന്നും 40 രൂപ മുടക്കിയാല്‍ 12 കോടി രൂപ വരെ നേടാമെന്നുമുള്ള സന്ദേശമാണ് ലഭിക്കുക. സന്ദേശത്തില്‍ പറയുന്ന നമ്പറിലേയ്ക്ക് 40 രൂപ അയച്ചാല്‍ വാട്‌സ്ആപ്പിലേയ്ക്ക് വ്യാജ ലോട്ടറി ടിക്കറ്റ് ചിത്രം അയച്ചുനല്‍കും. നറുക്കെടുപ്പിന്റെ സമയം കഴിയുമ്പോള്‍ കൃത്രിമമായി നിര്‍മ്മിച്ച നറുക്കെടുപ്പ് ഫലം തട്ടിപ്പുകാര്‍ അയച്ചുനല്‍കുകയും ഫലം പരിശോധിക്കുമ്പോള്‍ കൈവശമുള്ള ടിക്കറ്റിന് അഞ്ചു ലക്ഷം രൂപ സമ്മാനം ലഭിച്ചതായി കാണിക്കുകയും ചെയ്യും. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.

Related Articles

Back to top button