ആംസ്ട്രോങ്ങിന്‍റെ കൊലപാതകം..ഗുണ്ട ആർക്കോട്ട് സുരേഷിന്റെ ഭാര്യ അറസ്റ്റിൽ…
തമിഴ്നാട് ബിഎസ്പി അധ്യക്ഷൻ കെ ആംസ്ട്രോങ്ങിന്‍റെ കൊലപാതകത്തിൽ കുപ്രസിദ്ധ ഗുണ്ട ആർക്കോട്ട് സുരേഷിന്റെ ഭാര്യ എസ് പോർക്കൊടി അറസ്റ്റിൽ. ആന്ധ്രപ്രദേശിൽ ഒളിവിലായിരുന്ന ഇവരെ ചെന്നൈയിലെത്തിച്ച് റിമാൻഡ് ചെയ്തു. ഇതോടെ, കേസിൽ അറസ്റ്റിലായവരുടെ എണ്ണം 24ആയി.ക്വട്ടേഷൻ പണം പോർക്കൊടിയുടെ അക്കൗണ്ട് വഴിയാണു കൈകാര്യം ചെയ്തതെന്നു പൊലീസ് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ മാസമാണ് തമിഴ്നാട് ബിഎസ്പി അധ്യക്ഷൻ കെ ആംസ്ട്രോങ്ങ് കൊല്ലപ്പെട്ടത്. ചെന്നൈയിലെ വീടിന് സമീപം ബിഎസ്പി പ്രവർത്തകർക്കൊപ്പം നിൽകുമ്പോഴാണ് ബൈക്കുകളിൽ എത്തിയ 6 അംഗ സംഘം കെ ആംസ്ട്രോങ്ങിനെ വെട്ടിക്കൊന്നത്. കഴിഞ്ഞ വർഷം കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് ആർക്കോട്ട് സുരേഷിന്റെ സഹോദരൻ ബാലു അടക്കം ഉള്ള 11പേരെ കൊലപാതകത്തിന് പിന്നാലെ അറസ്റ്റിലായിരുന്നു.


