ബൈക്കിലിരുന്ന് സംസാരിക്കേ രണ്ടാം നിലയിൽ നിന്ന് എസി തലയിൽ വീണു.. 18കാരന് ദാരുണാന്ത്യം…
ഫ്ളാറ്റിന്റെ രണ്ടാംനിലയിൽ നിന്ന് എയർകണ്ടീഷൻ തലയിലേക്ക് വീണ് പതിനെട്ടുകാരന് ദാരുണാന്ത്യം.മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ഡല്‍ഹിയിലെ കരോള്‍ബാഗിലാണ് സംഭവമുണ്ടായത്. 18കാരനായ ഡോരിവാല സ്വദേശി ജിതേഷാണ് മരിച്ചത്. കെട്ടിടത്തിനു താഴെ സുഹൃത്തിനോട് സംസാരിച്ചു നില്‍ക്കുന്നതിനിടെ യുവാവിന്റെ തലയിലേക്ക് എസി പതിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചുതന്നെ യുവാവ് മരിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സുഹൃത്തിനെ കണ്ട് പുറത്തേക്കിറങ്ങിയതായിരുന്നു ജിതേഷ്. സുഹൃത്തിനെ ആലിംഗനം ചെയ്ത് യാത്ര പറഞ്ഞ് ഇറങ്ങാന്‍ തുടങ്ങുന്നതിനിടെ എസി നേരെ തലയില്‍ പതിക്കുകയായിരുന്നു. സമീപത്തു നില്‍ക്കുകയായിരുന്ന 17കാരനായ സുഹൃത്തിനും പരിക്കേറ്റു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.