ഭാര്യയുടെ ഒപ്പം ജീവിക്കുന്നതിലും നല്ലത് ജയിൽ..കുറിപ്പെഴുതി വെച്ച് നാടുവിട്ട് ടെക്കി..ഒടുവിൽ കണ്ടെത്തി…
ഭാര്യയുടെ ‘ഉപദ്രവം’ സഹിക്കവയ്യാതെ നാടുവിട്ട ടെക്കിയെ പൊലീസ് കണ്ടെത്തി.ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് ബെംഗളൂരു സ്വദേശിയായ ടെക്കിയെ നോയിഡയിൽ നിന്ന് പൊലീസ് കണ്ടെത്തിയത്.ഓഗസ്റ്റ് നാലിനാണ് യുവാവ് ബംഗളുരുവിൽ നിന്ന് കടന്നുകളഞ്ഞത്. എടിഎമ്മിൽ പണമെടുക്കാനെന്ന വ്യാജേന പുറത്തിറങ്ങിയ യുവാവ് കിട്ടിയ വണ്ടിക്ക് സംസ്ഥാനം വിടുകയായിരുന്നു. ഭർത്താവിനെ ഏറെ നേരമായി കാണാത്തതിനാലും, ഫോൺ വിളിച്ച് എടുക്കാത്തതിനാലും പരിഭ്രാന്തയായ ഭാര്യ പൊലീസിനെ ബന്ധപ്പെട്ടു. തട്ടിക്കൊണ്ടുപോയതാകാമെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു.
തുടർന്ന് പ്രദേശത്തെ ബസ് സ്റ്റാൻഡുകൾ, റെയിൽവെ സ്റ്റേഷനുകൾ എന്നിവയെല്ലാം കേന്ദ്രീകരിച്ചും, വിവിധ പ്രദേശങ്ങളിലെ സിസിടിവികൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല. എന്നാൽ ഒരു ദിവസം നോയിഡയിൽ നിന്ന് യുവാവിന്റെ ഫോൺ സിഗ്നൽ പൊലീസിന് ലഭിച്ചു.
ഈ സിഗ്നൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നോയിഡയിൽ നിന്ന് യുവാവിനെ കണ്ടെത്തിയത്.ഭാര്യയുടെ ഒപ്പം ജീവിക്കാൻ താത്പര്യമില്ലാത്തതുകൊണ്ടാണ് നാടുവിട്ടതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. ഭാര്യയുടെ ആജ്ഞ പ്രകാരമാണ് തന്റെ ഇപ്പോളത്തെ ജീവിതമെന്നും തന്റെ എല്ലാ കാര്യത്തിലും തലയിടുമെന്നും, അനാവശ്യമായി വഴക്ക് പറയുമെന്നും ഒക്കെയാണ് യുവാവിന്റെ പരാതി.