ഡോക്ടര്‍ ദമ്പതിമാരുടെ വീട് നോക്കിവച്ചു, ബസിൽ വന്നിറങ്ങി ഏഴ് മണിയോടെ 50 പവനും പണവും ബാഗിലാക്കി മുങ്ങി; പിടിയിൽ

ഡോക്ടർ ദമ്പതികളുടെ വീട്ടിൽ നിന്നും സ്വര്‍ണവും പണവും കവർന്ന കേസിലെ പ്രതി പിടിയിൽ. കൊല്ലം തേവള്ളി പൗണ്ടിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജെ മാത്തുകുട്ടി (52) യെയാണ് ചെങ്ങന്നൂർ പൊലീസ് പിടികൂടിയത്. തിരുവൻവണ്ടൂർ പ്രാവിൻകൂട് ജംഗ്ഷന് സമീപം ഡോ. സിഞ്ചുവും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ വാതിൽ കുത്തിത്തുറന്ന് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച 50 പവൻ സ്വർണ്ണാഭരണങ്ങളും ഇരുപതിനായിരം രൂപയും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഡോ. സിഞ്ചുവും ഭാര്യയും വൈകിട്ട് 8 മണിയോടെ മടങ്ങിയെത്തിയപ്പോഴാണ് സ്വർണ്ണവും പണവും നഷ്ടമായ വിവരം അറിയുന്നത്. ചെങ്ങന്നൂർ hzeലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി. സമാന രീതിയിൽ മോഷണം നടത്തി പിടിക്കപ്പെട്ട മോഷ്ടാക്കളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിനോടുവിലാണ് നിരവധി കളവ് കേസിൽ പ്രതിയായ മാത്തുക്കുട്ടിയാണെന്ന് തിരിച്ചറിയുന്നത്. പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസിലാക്കി പ്രതി കോട്ടയത്തേക്ക് രക്ഷപെട്ടുപോകാൻ ശ്രമിക്കവേ കൊല്ലകടവ് പാലത്തിൽ വെച്ചാണ് പിടികൂടിയത്.

ഇയാൾ കൊല്ലത്ത് നിരവധി വീടുകളിൽ മോഷണം നടത്തിയതിന് 2017ൽ പിടിയിലായിരുന്നു. എല്ലാ ആഴ്ചയിലും കുടുംബവീടായ വടവാതൂരിലേക്ക് പോകുമ്പോൾ പ്രതി റോഡ് സൈഡിൽ പൂട്ടിക്കിടക്കുന്ന വലിയ വീടുകൾ കണ്ടുവെയ്ക്കും. പിന്നീട് തിരിച്ചു പോകുമ്പോൾ നോക്കിവെച്ച വീട് പൂട്ടികിടക്കുകയാണെങ്കിൽ തൊട്ടടുത്ത ദിവസം കോട്ടയത്ത് നിന്നും സ്കൂട്ടറിൽ വന്നു സ്കൂട്ടർ ദൂരെ സ്ഥലത്തു വച്ചിട്ട് ബസിൽ കയറി സന്ധ്യയോടെ എത്തി വീട്ടിൽ ആളില്ലെന്ന് ഉറപ്പുവരുത്തിയിട്ട് രാത്രി 7 മണിക്കും 9 മണിക്കും ഇടയിലുള്ള സമയം മോഷണം നടത്തി മടങ്ങുന്നതാണ് ഇയാളുടെ രീതി.

Related Articles

Back to top button