തൊഴിലാളികള്‍ക്ക് ഓണക്കാലത്തെ ബോണസ്: തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തി മന്ത്രി വി ശിവന്‍കുട്ടി

തൊഴിലാളികള്‍ക്ക് ഓണക്കാലത്ത് ബോണസ് നല്‍കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചുചേര്‍ത്ത് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്തെ ബോണസുമായി ബന്ധപ്പെട്ട ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം സര്‍ക്കാര്‍ പുറപ്പെടുവിക്കാറുണ്ട്. ഇതിന്റെ നടപടികള്‍ നടന്നുവരികയാണ്.ഈ മാര്‍ഗനിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് ബോണസ് നിശ്ചയിക്കുന്നത്. കയര്‍ കശുവണ്ടി മേഖലയിലെ തൊഴിലാളികള്‍ക്ക് ബോണസ് നിശ്ചയിക്കുന്നത് അതാത് വ്യവസായ ബന്ധ സമിതികള്‍ യോഗം ചേര്‍ന്നാണ്. ഈ യോഗം അടിയന്തരമായി ചേര്‍ന്ന് ബോണസ് നിശ്ചയിക്കാന്‍ ലേബര്‍ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
ബോണസുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ സമവായത്തില്‍ എത്തിക്കാന്‍ കഴിയേണ്ടതുണ്ട്. ഈ ഓണക്കാലത്ത് തൊഴില്‍ തര്‍ക്കങ്ങള്‍ പരമാവധി ഒഴിവാക്കി സൗഹാര്‍ദപരമായ അന്തരീക്ഷത്തില്‍ പ്രശ്നങ്ങള്‍ പരിഹരിച്ച് തൊഴിലാളി തൊഴിലുടമാ ബന്ധം മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ടു കൊണ്ടു പോകുന്നതിന് ട്രേഡ് യൂണിയനുകളുടെ പൂര്‍ണമായ സഹകരണം ഉണ്ടാകണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.ബോണസ് സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അത് പരിഹരിക്കുന്നതിന് ലേബര്‍ കമ്മീഷണര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ബോണസ് ആക്ട് ബാധകമായ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് അര്‍ഹമായ ബോണസ് ലഭിക്കുന്നുണ്ട് എന്ന് ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തേണ്ടതാണ്. ബോണസ് വിതരണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ക്ക് അടിയന്തിര പ്രാധാന്യം നല്‍കി ചര്‍ച്ച ക്രമീകരിച്ച് പരിഹാരം കാണണം. ബോണസ് തര്‍ക്കങ്ങള്‍ ജില്ലാ ലേബര്‍ ഓഫീസര്‍ തലത്തില്‍ പരമാവധി മൂന്ന് ചര്‍ച്ചകള്‍ രണ്ട് ദിവസത്തെ ഇടവേളകള്‍ മാത്രം നല്‍കി പരിഹാരം കാണേണ്ടതാണ്. ജില്ലാ ലേബര്‍ ഓഫീസര്‍ തലത്തില്‍ പരിഹാരം കാണാന്‍ കഴിയാത്തവ റീജിയണല്‍ ലേബര്‍ കമ്മീഷണര്‍ക്ക് നല്‍കേണ്ടതും റീജിയണല്‍ ലേബര്‍ കമ്മീഷണര്‍ക്ക് പരിഹാരം കാണാന്‍ കഴിയാത്തവ ലേബര്‍ കമ്മീഷണര്‍ക്ക് കൈമാറേണ്ടതുമാണ്. ബോണസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ കൈക്കൊള്ളുന്ന നടപടികള്‍ അപ്പപ്പോള്‍ തന്നെ അപ്ഡേറ്റ് ചെയ്യേണ്ടതാണ്

Related Articles

Back to top button