പൊലീസിന് വിവരം ചോർത്തി നൽകിയെന്ന് ആരോപിച്ച് 16 കാരനെ മാവോയിസ്റ്റുകൾ വധിച്ചു…
16 വയസ് മാത്രം പ്രായമുള്ള ബാലനെ പൊലീസിന് വിവരം നൽകിയെന്നാരോപിച്ച് മാവോയിസ്റ്റുകൾ മർദ്ദിച്ച് കൊലപ്പെടുത്തി. ഛത്തീസ്ഗഡിൽ സുക്മ ജില്ലയിലെ പ്വാർതി ഗ്രാമത്തിലാണ് സംഭവം. സൊയ്യം ശങ്കർ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഇതുവരെ സുക്മ ജില്ലയിൽ മാത്രം 12 ഓളം സാധാരണക്കാർ മാവോയിസ്റ്റ് ആക്രമണത്തിൽ മരിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
കുട്ടിയുടെ കുടുംബം ദന്തേവാഡയിലാണ് താമസം. ബന്ധുവിൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാണ് പ്വാർതി ഗ്രാമത്തിലേക്ക് കുട്ടി പോയത്. തെകുലഗുദേം എന്ന മാവോയിസ്റ്റ് ഏറ്റുമുട്ടൽ പതിവായി നടക്കുന്ന പ്രദേശത്തിന് അടുത്താണ് പ്വാർതി ഗ്രാമം. ഇക്കഴിഞ്ഞ ജനുവരി 31 ന് ഇവിടെ രണ്ട് സായുധ സേനാംഗങ്ങൾ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുുന്നു. 2021 ഏപ്രിൽ മാസത്തിൽ 23 ജവാന്മാർ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ചതും ഇതേ വനത്തിനുള്ളിലാണ്.
മാവോയിസ്റ്റ് സ്വാധീന മേഖലയിൽ പൊലീസ് നിരീക്ഷണം കർശനമായതിന് പിന്നാലെയാണ് ചാരന്മാർക്കെതിരെ മാവോയിസ്റ്റുകളുടെ ആക്രമണം. കൊല്ലപ്പെട്ട 16കാരൻ സെയ്യത്തിൻ്റെ മൃതദേഹം സുക്മ ജില്ലാ ആസ്ഥാനത്ത് എത്തിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.



