സൈനികനെ രക്ഷപ്പെടുത്താൻ ശ്രമിക്കവെ വീരമൃത്യു..ഡോഗ് സ്ക്വാഡിലെ നായ കെന്റിന് രാഷ്ട്രപതിയുടെ ധീരതാ പുരസ്കാരം…
ജമ്മുകാശ്മീരിൽ ഭീകരരെ തുരത്താനുളള സൈനിക നീക്കത്തിനിടെ വെടിയേറ്റ് ജീവന് നഷ്ടമായ കരസേനയുടെ ഡോഗ് സ്ക്വാഡിലെ നായ കെന്റിന് രാഷ്ട്രപതിയുടെ ധീരതാ പുരസ്കാരം. മരണാനന്തര ബഹുമതിയായാണു പുരസ്കാരം നൽകി ആദരിക്കുന്നത്. ഗോൾഡൻ ലാബ്രഡോർ ഇനത്തിൽപ്പെട്ട ട്രാക്കർ നായയാണ് കെന്റ്. കഴിഞ്ഞ സെപ്റ്റംബറിൽ ജമ്മുവിൽ സൈനികര്‍ക്കൊപ്പമുള്ള ഓപ്പറേഷനിടെയാണ് ആറ് വയസുകാരിയായ കെന്റ് വീരമൃത്യു വരിച്ചത്.
രജൗരിയിൽ ഭീകരർ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് സൈന്യം എത്തിയത്. ഭീകരരുടെ താവളത്തിലേക്ക് സൈന്യത്തിന് വഴികാട്ടിയായത് കെന്റായിരുന്നു. സൈന്യമെത്തിയതോടെ ഭീകരർ വെടിവെപ്പ് തുടങ്ങി. ഭീകരർ വെടിവെപ്പ് തുടർന്നുവെങ്കിലും കെന്റ് പിന്മാറിയില്ല.കെന്റ് തന്റെ ഹാൻഡലറെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണു വീരമൃത്യു വരിക്കുന്നത്. സൈനിക നടപടിയിൽ രണ്ടു ഭീകരരും ഒരു സൈനികനും മരിച്ചിരുന്നു.



