ഒൻപത് ഭീകരർ പിടിയിൽ: ഭീകരാക്രമണങ്ങളുടെ മുഖ്യസൂത്രധാരന്നും അ‌റസ്റ്റിൽ

നാല് സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരരെയും അടുത്തിടെ കശ്മീരില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് സഹായം നല്‍കിയവരെയും പിടികൂടി ജമ്മുകശ്മീര്‍ പൊലീസ്.കത്വ ജില്ലയില്‍ നിന്ന് 9 ഭീകരരെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ രണ്ട് മാസങ്ങളായി കശ്മീരില്‍ നടന്ന ഭീകരാക്രമണങ്ങളുടെ മുഖ്യസൂത്രധാരന്‍ മുഹമ്മദ് ലത്തീഫ് അടക്കമുള്ളവരെയാണ് പൊലീസ് പിടികൂടിയത്.ഭീകര മൊഡ്യൂളിലെ പ്രധാനിയായ മുഹമ്മദ് ലത്തീഫ് കൂടാതെ കത്വ ജില്ലയിലെ ബില്‍വാര ബെല്‍റ്റിലെ അംബെ നാല്‍, ഭാദു, ജുതാന, സോഫയിന്‍, കട്ടാല്‍ എന്നീ ഗ്രാമങ്ങളില്‍ നിന്നുള്ള അക്തര്‍ അലി, സദ്ദാം, കുശാല്‍, നൂറാനി, മഖ്ബൂല്‍, ലിയാഖത്ത്, കാസിം ദിന്‍, ഖാദിം എന്നിവരുമാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.
അതിര്‍ത്തിക്കപ്പുറത്തുള്ള ഭീകരരുമായി ആശയവിനിമയം നടത്തുകയും സാംബ-കത്വ സെക്ടര്‍ വഴി വിദേശ ഭീകരരെ ഇന്ത്യയിലേക്ക് കടക്കാന്‍ സഹായിക്കുകയും ചെയ്തതില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് അറസ്റ്റിലായ ലത്തീഫ്. കേന്ദ്ര ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് മൊഡ്യൂള്‍ തകര്‍ക്കാനായതെന്നും കശ്മീര്‍ പൊലീസ് വ്യക്തമാക്കി.
കസ്റ്റഡിയിലുള്ള ഭീകരരെ ഉന്നത ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ രണ്ടുമാസമായി ജമ്മു കശ്മീരില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ പങ്കാളികളായവരാണ് അറസ്റ്റിലായത്. മറ്റ് വലിയ അക്രമങ്ങള്‍ക്ക് ഇവര്‍ പദ്ധതി ഇട്ടിരുന്നതായും, ഇത് സംബന്ധിച്ച വ്യക്തമായ വിവരം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നല്‍കിയിരുന്നതായും ജമ്മുകശ്മീര്‍ പൊലീസ് ചൂണ്ടിക്കാട്ടി.

Related Articles

Back to top button