ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിംഗ്:അയല്‍ക്കാരനായ പോലീസുകാരനെതിരെ യുവതി നല്‍കിയ പരാതിയില്‍ അന്വേഷണത്തിന് നിര്‍ദേശം
ആലപ്പുഴ: അയല്‍ക്കാരനായ പോലീസ് ഉദ്യോഗസ്ഥനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മിഷന്‍. സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ. റഷീദ് ചൊവ്വാഴ്ച ജില്ല പഞ്ചായത്ത് ഹാളില്‍ നടത്തി സിറ്റിങ്ങിലാണ് നിര്‍ദ്ദേശം നല്‍കിയത്. കായംകുളം സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. എതിര്‍കക്ഷി പോലീസുകാരനായതിനാല്‍ താന്‍ നല്‍കിയ സാമ്പത്തികത്തട്ടിപ്പ് പരാതിയില്‍ നടപടി ഉണ്ടായില്ല എന്ന് യുവതി കമ്മിഷനെ അറിയിച്ചു. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കായംകുളം ഡി.വൈ.എസ്.പി.യ്ക്ക് നിര്‍ദേശം നല്‍കി ഹര്‍ജിയിന്മേലുള്ള തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു. ആകെ 10 കേസുകളാണ് കമ്മിഷന്‍ പരിഗണിച്ചത്. ഇതില്‍ ഏഴ് കേസുകള്‍ തീര്‍പ്പാക്കി.
ബാങ്കില്‍ നിന്നുള്ള സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് മുടങ്ങിയതായി വിദ്യാര്‍ഥി നല്‍കിയ പരാതിയില്‍ സാങ്കേതിക പ്രശ്നം പരിഹരിച്ചതായി ബാങ്ക് മാനേജര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു.
അയല്‍വാസികള്‍ തമ്മിലുള്ള പ്രശ്നത്തില്‍ പോലീസ് എതിര്‍കക്ഷികള്‍ക്കെതിരെ കേസെടുക്കാന്‍ വിമുഖത കാട്ടുന്നതില്‍ ചെറുതന സ്വദേശിനി നല്‍കിയ പരാതി പരിഗണിച്ച കമ്മീഷന്‍ പോലീസുകാര്‍ക്കെതിരെയുള്ള പരാതിയില്‍ പോലീസ് കംപ്ലയിന്റ് അതോറിറ്റിയെ സമീപിക്കാന്‍ നിര്‍ദേശം നല്‍കി തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു.വാടയ്ക്കല്‍ മത്സ്യതൊഴിലാളി സഹകരണ സംഘത്തില്‍ നിന്ന് മൂന്നുപേര്‍ ചേര്‍ന്നെടുത്ത വായ്പ എഴുതിത്തള്ളണമെന്ന പുന്നപ്രവ വടക്ക് സ്വദേശിയായ വിധവയുടെ പരാതി ഉത്തരവിനായി മാറ്റി.