നവജാത ശിശുവിനെ കുഴിച്ചുമൂടിയ സംഭവം….ആണ്‍സുഹൃത്തിനെ സഹായിച്ച സുഹൃത്തും അറസ്റ്റിൽ….

ആലപ്പുഴ: നവജാത ശിശുവിനെ കുഴിച്ചുമൂടിയ സംഭവത്തിൽ ആണ്‍സുഹൃത്തിനെ സഹായിച്ച സുഹൃത്തും അറസ്റ്റിൽ. തകഴി സ്വദേശിയാണ് അറസ്റ്റിലായത്. ആൺസുഹൃത്തിനെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. അമ്മ ആശുപത്രിയിൽ പൊലീസ് കസ്റ്റഡിയിൽ ആണ്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കൊലപാതകം ആണോ എന്ന് കണ്ടെത്താൻ ശാസ്ത്രീയ പരിശോധന ഫലം പുറത്ത് വരണമെന്ന് പൊലീസ് പറഞ്ഞു
മാസം തികയാതെയാണ് കുഞ്ഞിനെ പ്രസവിച്ചതെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രസവത്തിനിടെ തന്നെ കുഞ്ഞ് മരിച്ചതാണോ അതോ ജനിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നോ എന്ന കാര്യമാണ് ഇനി കണ്ടെത്താനുള്ളത്. കുഞ്ഞിനെ വീട്ടിലാണ് പ്രസവിച്ചത്. ശാസ്ത്രീയ പരിശോധനാഫലം വന്ന ശേഷം മാത്രമേ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ.

ഒന്നിച്ച് പഠിച്ചവരും വിവാഹിതരാവാൻ തീരുമാനിച്ചവരുമാണ് പെണ്‍കുട്ടിയും ആണ്‍സുഹൃത്തും. പിന്നെ എന്തിനിങ്ങനെ ചെയ്തു എന്നതിലാണ് ദുരൂഹത. വീട്ടിൽ പറയാതെ 60 കിലോമീറ്റർ അകലെയുള്ള ആണ്‍സുഹൃത്തിനെ വിളിച്ചുവരുത്തി മൃതദേഹം കൈമാറുകയായിരുന്നു. അയാള്‍ മറ്റൊരു സുഹൃത്തിന്‍റെ സഹായത്തോടെ പാട ശേഖരത്തിലാണ് കുഞ്ഞിനെ മറവുചെയ്തത്. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമായ ശേഷം കൂടുതൽ ചോദ്യംചെയ്യും. കുഞ്ഞിന്‍റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്.

Related Articles

Back to top button