ശ്രീകാര്യത്തെ ഗുണ്ടാനേതാവിന്റെ കൊലപാതകം..കാര്‍ വാടകയ്ക്ക് എടുത്തുകൊടുത്തയാള്‍ കസ്റ്റഡിയില്‍….
ശ്രീകാര്യം പൗഡിക്കോണത്തെ ഗുണ്ടാ നേതാവ് വെട്ടുകത്തി ജോയി എന്നറിയപ്പെടുന്ന ജോയിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അക്രമികള്‍ സഞ്ചരിച്ച കാര്‍ വാടകയ്ക്ക് എടുത്തുകൊടുത്തയാള്‍ കസ്റ്റഡിയില്‍. വെഞ്ഞാറമൂട് മുക്കുന്നുമൂട് സ്വദേശി സുബിന്‍ ആണ് പൊലീസിന്റെ പിടിയിലായത്. പ്രതികളെ നേരത്തേതന്നെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. വെട്ടേറ്റ് മൂന്ന് മണിക്കൂറോളം റോഡില്‍ രക്തത്തില്‍ കുളിച്ച ജോയിയെ പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. വെള്ളിയാഴ്ച രാത്രിയോടെ വെട്ടേറ്റ ജോയി ശനിയാഴ്ച പുലര്‍ച്ചയോടെയാണ് മരിച്ചത്.
കുറ്റിയാനി സ്വദേശികളായ സജീര്‍, അന്‍ഷാദ്, അന്‍വര്‍, ഹുസൈന്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ആറ് മാസം മുമ്പ് പോത്തന്‍കോട് പ്ലാമൂട് നടന്ന വെട്ടുകേസിന്റെ പ്രതികാരമാണ് ജോയിയുടെ കൊലപാതകമെന്നാണ് വിവരം.