പ്രണയം അമ്മയോട് പറഞ്ഞു..യുവാക്കളെ പീഡനക്കേസിൽ കുരുക്കി പെൺകുട്ടി..ജയിലിൽ കഴിഞ്ഞത് 68 ദിവസം…
കൊച്ചിയിൽ സഹപാഠിയുമായുള്ള പ്രണയബന്ധത്തിന് തടസ്സം നിന്നതിന്റെ പേരിൽ രണ്ട് യുവാക്കളെ പീഡനക്കേസിൽ കുരുക്കി പെൺകുട്ടി.പ്രായപൂർത്തിയാകാത്ത വിദ്യാർഥിനി നൽകിയ വ്യാജ പീഡന പരാതിയിൽ ബന്ധുക്കളായ യുവാക്കൾക്ക് 68 ദിവസം ജയിലിൽ കഴിയേണ്ടി വന്നു. പരാതി വ്യാജമാണെന്ന് വെളിപ്പെടുത്തി പെൺകുട്ടി നേരിട്ടെത്തിയതോടെ ഹൈക്കോടതി രണ്ടു യുവാക്കൾക്കും ജാമ്യം അനുവദിക്കുകയായിരുന്നു.
യുവാക്കളിൽ ഒരാൾ 2017-ൽ താൻ ആറാംക്ലാസിൽ പഠിക്കുമ്പോഴും മറ്റൊരാൾ കഴിഞ്ഞവർഷവും പീഡനത്തിനിരയാക്കിയെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. തുടർന്നാണ് 19, 20 വയസ്സുള്ള യുവാക്കൾക്കെതിരെ എറണാകുളം തടിയിറ്റപ്പറമ്പ് പൊലീസ് കേസെടുത്തത്. പോക്‌സോ ആക്ടിലെ വിവിധ വകുപ്പുകൾക്കുപുറമേ ബലാത്സംഗത്തിനും കേസെടുത്തിരുന്നു .
ഇരുവരുടെയും ജാമ്യഹർജിയോടൊപ്പം പരാതി വ്യാജമാണെന്ന് പെൺകുട്ടിയും പിതാവും സത്യവാങ്മൂലം ഫയൽചെയ്തിരുന്നു. ഇതു പ്രകാരം കോടതി പെൺകുട്ടിയെ വിളിച്ചുവരുത്തി സംസാരിച്ചു. സഹപാഠിയുമായുള്ള പ്രണയം അമ്മയോട് പറഞ്ഞതിന്റെ വൈരാഗ്യത്തിനാണ് തെറ്റായ പരാതിനൽകിയതെന്ന് പെൺകുട്ടി കോടതിയിൽ പറഞ്ഞു. യുവാക്കൾ അറസ്റ്റിലാകുമെന്നും ജയിലിലാകുമെന്നും കരുതിയില്ലെന്നും അവർ തെറ്റുചെയ്തിട്ടില്ലെന്നും പെൺകുട്ടി കോടതിയിൽ ബോധിപ്പിച്ചു.