കൈവരി നിർമാണം വൈകുന്നു.. തിരക്കും ഗതാഗത കുരുക്കും രൂക്ഷം…
പട്ടാമ്പി പാലത്തിലൂടെയുള്ള ഒറ്റവരി ഗതാഗതക്കുരുക്കിന് പ്രശ്നപരിഹാരം വൈകുന്നു. പാലത്തിന്റെ തകർന്ന കൈവരികൾ പുനർനിർമിക്കാൻ ഇനിയും സാധിച്ചിട്ടില്ല. ആഗസ്റ്റ് 13 മുതൽ 15 വരെ അതിതീവ്ര മഴയുണ്ടായേക്കുമെന്ന കാലാവസ്ഥ മുന്നറിയിപ്പാണ് അറ്റകുറ്റപ്പണി തടസ്സപ്പെടാൻ കാരണമെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ വ്യക്തമാക്കി. മുന്നറിയിപ്പ് നിലനിൽക്കെ കൈവരി നിർമാണം നല്ലതല്ലെന്നാണ് കണക്കു കൂട്ടൽ. ഒറ്റവരി ഗതാഗതം മൂലം പാലത്തിനിരുവശവും വലിയ തിരക്കും ടൗണിൽ ഗതാഗത കുരുക്കുമാണ്. ആയിരക്കണക്കിന് വാഹനങ്ങളോടുന്ന പാതയിൽ പട്ടാമ്പി പാലത്തിന്റെ ദുരവസ്ഥ ഗുരുതര പ്രത്യാഘാതമാണുണ്ടാക്കുന്നത്. പുതിയ പാലം എന്ന ശാശ്വത പരിഹാരത്തിനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയില്ലെങ്കിൽ വലിയ പ്രതിസന്ധി നേരിടേണ്ടി വരും.
സ്ഥലമേറ്റടുപ്പാണ് പുതിയ പാലം യാഥാർഥ്യമാക്കാനുള്ള വെല്ലുവിളി. 43 ഭൂവുടമകളിൽനിന്ന് സ്ഥലം വിട്ടുകിട്ടേണ്ടതുണ്ട്. ഇതിന് ജില്ല കലക്ടർ ഇടപെടണമെന്ന് കഴിഞ്ഞ ജില്ല ദുരന്തനിവാരണ സമിതി യോഗത്തിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ ആവശ്യപ്പെട്ടിരുന്നു.