ദേശീയപാത വികസനം: കായംകുളത്ത് അടിപ്പാത നിർമാണം പുനരാരംഭിച്ചു

സമരസമിതി നേതാക്കളെ അറസ്റ്റ് ചെയ്തു

കായംകുളത്ത് ദേശീയപാതാ അതോറിറ്റി അടിപ്പാത നിര്‍മ്മാണം പുനരാരംഭിച്ചു. മുന്‍ നഗരസഭ ചെയര്‍മാനും സമരസമിതി നേതാക്കളുമുള്‍പ്പെടെ 8 പേരെ വീണ്ടും അറസ്റ്റ് ചെയ്തു . ജി.ഡി.എം ഭാഗത്താണ് എന്‍.എച്ച്.എ ഐ അടിപ്പാത നിര്‍മാണം പുനരാംരംഭിച്ചത് .

ഇത് തടയാന്‍ ശ്രമിച്ച മുന്‍ നഗരസഭ ചെയര്‍മാന്‍ കെ.പുഷ്പദാസ് , എസ്.വൈ.എസ് ജില്ലാ പ്രസിഡന്‍റെ ഹുസൈന്‍ മുസ്ലിയാര്‍, സോണ്‍ ജനറല്‍ സെക്രട്ടറി അനസ് ഇര്‍ഫാനി, അനസ് ഇല്ലിക്കുളം, എസ്.കെ.ജെ.എം മേഖല പ്രസിഡന്‍റ് അബ്ദുല്‍ സലീം അസ്ലമി, സത്താര്‍ എ.എസ്. കായംകുളം, നിഷാദ് ഇസ്മയില്‍, പി.ഡി.പി മണ്ഡലം പ്രസിഡന്‍റെ മന്‍സൂര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി നിര്‍മ്മാണം പുനരാരംഭിക്കുകയായിരുന്നു. പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ വന്‍ പോലീസ് സന്നാഹത്തോടെയാണ് ഇന്നലെ അടിപ്പാത നിര്‍മ്മാണം പുനരാരംഭിച്ചത് . രണ്ട് ദിവസങ്ങളിലായി സമരം ചെയ്ത പേരെയാണ് 17 പോലീസ് അറസ്റ്റ് ചെയ്തത് .
നഗരത്തെ രണ്ടായി വിഭജിക്കുന്ന തരത്തിലും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയപ്പെടുന്ന രീതിയിലും മണ്ണിട്ടുയര്‍ത്തിയുള്ള അശാസ്ത്രീയ ഹൈവേ നിര്‍മ്മാണം ഒഴിവാക്കി തൂണുകളില്‍ ഉയര പാത നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ സമരങ്ങള്‍ നടന്നുവരികയും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വിധി വരാനിരിക്കെയും കെ. സി. വേണുഗോപാല്‍ എം.പി പാര്‍ലമെന്‍റില്‍ വിഷയം ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തില്‍ അന്തിമ തീരുമാനം ആകും വരെ അടിപ്പാത നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന് ജനകീയ സമരസമിതി എന്‍.എച്ച്.എ.ഐയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും തിങ്കളാഴ്ച്ച ഉച്ചയോടെ അടിപ്പാത നിര്‍മ്മാണം പുനരാംഭിക്കുകയായിരുന്നു.

ഇത് സമരസമിതി തടഞ്ഞതിനെ തുടര്‍ന്ന് 9 പേരെ പോലീസ് അറസ്റ്റു ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് സമരസമിതി കായംകുളം നഗരത്തില്‍ ചൊവ്വാഴ്ച പ്രതിഷേധ ദിനം ആചരിക്കുന്നതിനിടെയാണ് സമരക്കാരെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തത് . തുടര്‍ന്ന് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി . ഡി.വൈ.എസ്.പി യുടെ നേതൃത്വത്തില്‍ സ്റ്റേഷന് സമീപം മാര്‍ച്ച് പോലീസ് തടഞ്ഞു . തുടര്‍ന്ന് അറസ്റ്റിലായവരെ പോലീസ് ജാമ്യത്തില്‍ വിട്ടയച്ചു

Back to top button