ഡൽഹി മദ്യനയ അഴിമതിക്കേസ്.. ഹര്‍ജികൾക്ക് ഉച്ചയ്ക്ക് രണ്ടരയ്ക്ക് വിധി പറയും
ദില്ലി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നല്കിയ ഹര്‍ജികളില്‍ ദില്ലി ഹൈക്കോടതി ഉച്ചയ്ക്ക് രണ്ടരയ്ക്ക് വിധി പറയും. സിബിഐ അറസ്റ്റ് ചോദ്യം ചെയ്തും ജാമ്യം തേടിയും നല്കിയ ഹര്‍ജികളിലാണ് വിധി പറയുന്നത്. ജസ്റ്റിസ് നിന ബന്‍സാല്‍ കൃഷ്ണയാണ് വിധി പ്രസ്താവിക്കുന്നത്. കരുതല്‍ അറസ്റ്റാണ് സിബിഐ ഭാഗത്തു നിന്നുണ്ടായതെന്നായിരുന്നു അരവിന്ദ് കെജ്രിവാളിൻ്റെ അഭിഭാഷകന് അഭിഷേഖ് മനു സിംഗ്വിയുടെ വാദം.
അരവിന്ദ് കെജ്രിവാളിനെ കസ്റ്റഡിയില്‍ വെക്കാനാവശ്യമായ തെളിവുകൾ സിബിഐക്ക് ഇല്ലെന്നും. ജയിലില്‍ കഴിയുന്നത് ഉറപ്പാക്കാന്‍ വേണ്ടി മാത്രമാണ് സിബിഐയുടെ അറസ്റ്റ് എന്നുമായിരുന്നു അരവിന്ദ് കെജ്രിവാളിൻ്റെ വാദം. ജൂണ്‍ 20നാണ് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ അറസ്റ്റ്. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലും ജാമ്യം നേടിയാല്‍ അരവിന്ദ് കെജ്രിവാളിന് തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാം. എന്‍ഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അരവിന്ദ് കെജ്രിവാളിന് നേരത്തെ സുപ്രീം കോടതി ഇടക്കാല ജാമ്യം നല്‍കിയിട്ടുണ്ട്.